കണ്ണൂർ: കോവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ വര്‍ധിപ്പിച്ച അധിക നിരക്ക് പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങാത്തതിനാൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസ് പേരിലൊതുങ്ങി.
സർക്കാർ നിർദേശമില്ലാതെ വർധിപ്പിച്ച ചാർജ് ഈടാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഭൂരിപക്ഷം ബസുകളും ഇന്ന് നിരത്തിലിറങ്ങാതിരുന്നത്. അതിനിടെ കൂടിയ നിരക്ക് പുനഃസ്ഥാപിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിക്കുമെന്നറിയുന്നു.
പഴയ നിരക്കിലാണ് ( മിനിമം എട്ടുരൂപ) ഇന്ന് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ സർവീസ് നടത്തുമ്പോൾ പ്രതിദിനം 2500 രൂപയുടെ നഷ്ടം ഉണ്ടാകുന്നതായി ജില്ലാ ബസ് ഉടമസ്ഥസംഘം ഭാരവാഹി രാജ്കുമാർ കരുവാരത്ത് രാഷ്ട്രദീപികയോട് പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് അംഗീകരിച്ചാൽ ബസ് ചാര്‍ജ് നിരക്കുകളില്‍ വന്‍ മാറ്റം വരും. മിനിമം ചാര്‍ജ് 12 രൂപയാകും.അഞ്ചുകിലോമീറ്റര്‍ വരെയാണ് മിനിമം ചാര്‍ജ് ഈടാക്കുന്നത്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ പത്തുപൈസ വീതം വര്‍ധിക്കും. നിലവില്‍ എഴുപത് പൈസയായിരുന്നു.
ഇതനുസരിച്ച് ഇപ്പോഴത്തെ 10 രൂപ ചാര്‍ജ് 15 ആയും 13 രൂപ 20 ആയും 15 രൂപ 23 ആയും 17 രൂപ 26 രൂപയായും വര്‍ധിക്കും. വിദ്യാര്‍ഥികളടക്കം ബസ് ചാര്‍ജില്‍ ഇളവുള്ളവര്‍ നിരക്കിന്റെ പകുതി നല്‍കണം. അധികനിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് നാലാഴ്ചത്തേക്കാണ് സ്റ്റേ ചെയ് തിരിക്കുന്നത്..