കറുകച്ചാൽ: കറുകച്ചാൽ പ്രൈവറ്റ് സ്റ്റാൻഡിലെ ചില സ്വകാര്യ ബസുകളിൽ വിദ്യാർഥിനികളെ യാത്രചെയ്യാൻ ജീവനക്കാർ അനുവദിക്കാത്തതായും അസഭ്യം പറയുന്നതായും പരാതി. ബസ് ജീവനക്കാരുടെ നടപടിമൂലം നെടുങ്കുന്നം, കറുകച്ചാൽ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന നിരവധി വിദ്യാർഥിനികളാണു യാത്രക്ലേശം അനുഭവിക്കുന്നത്.
കറുകച്ചാലിൽനിന്നു അഞ്ചിനു മാന്തുരുത്തി-പാന്പാടി വഴി പാലായ്ക്കും 5.15നു പാന്പാടി വഴി കോട്ടയത്തേക്കും പോകുന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെയാണു ആരോപണം ഉയർന്നിരിക്കുന്നത്. ചന്പക്കര, മാന്തുരുത്തി, സൗത്ത് പാന്പാടി തുടങ്ങിയ പ്രദേശങ്ങളിലെക്കു പോകുന്ന വിദ്യാർഥിനികൾ ഈ ബസുകളിൽ കയറുന്പോൾ പിന്നാലെയുള്ള ബസുകളിൽ കയറാൻ പറഞ്ഞു വിടുകയാണെന്നു പറയുന്നു.
വൈകുന്നേരം ഈ പ്രദേശത്തേക്കുള്ള ബസുകളിൽ കയറുന്ന വിദ്യാർഥിനികളെ അസഭ്യം പറയുന്നതായും പറയുന്നു. ബസ് ജീവനക്കാർക്കെതിരെ വിദ്യാർഥിനികൾ കറുകച്ചാൽ പോലീസിൽ പരാതി നൽകും.