കോഴിക്കോട് : യാത്രക്കാരുടെ ജീവന് പോലും വിലകല്‍പ്പിക്കാതെ സ്വകാര്യബസുകള്‍ . അമിത വേഗതയുമായി കൊലകൊല്ലികളായി നിരത്തുവാഴുന്ന സ്വകാര്യബസുകള്‍ ലൈസന്സില്ലാത്തവരെയാണ് ബസ് ഓടിക്കാന്‍ പോലും അനുവദിക്കുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇന്നലെ പാളയം ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കസബ എസ്ഐ വി.സിജിത്ത് നടത്തിയ അന്വേഷണത്തിലാണ് ബസ് ഓടിച്ചിരുന്ന യുവാവിന് ലൈസന്‍സില്ലെന്ന് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് മാവൂര്‍ -കോഴിക്കോട് റൂട്ടിലെ കെഎല്‍ 11 യു 2124 സിറാജുദ്ദീന് ബസ് ഓടിച്ച കുന്ദമംഗലം പെരിങ്ങളം പാറോല്‍ വീട്ടില്‍ മിഥുന് (24), കണ്ടക്ടര്‍ വേലായുധന് , ബസ് ജീവനക്കാരനായ ഷിബിന്‍ , ചെക്കര്‍ നജീബ് റഹ്മാന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.
എടവണ്ണപ്പാറയില്‍ നിന്നു കോഴിക്കോട് പാളയം ബസ്റ്റാന്‍ഡിലേക്ക് വരികയായിരുന്നു മറ്റൊരു സ്വകാര്യ ബസ് സിറാജുദ്ദീന് ബസിനെ ഓവര്‍ടേക്ക് ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. തൊണ്ടയാട് ജംഗ്ഷനില്‍ എത്തിയപ്പോള്‍ സിറാജുദ്ദീന് ബസിലെ ജീവനക്കാര്‍ ഓവര്‍ടേക്ക് ചെയ്ത സ്വകാര്യ ബസിലെ ജീവനക്കാരോട് പാളയം ബസ്റ്റാന്‍ഡില്‍ എത്തിയാല്‍ കാണിച്ചുതരാമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.
5.40 ഓടെ പാളയത്തെത്തിയ ബസിനു കുറകെ സിറാജുദ്ദീന് ബസിലെ ജീവനക്കാര്‍ ബസിടുകയും ബസിലെ ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ ഓവര്‍ടേക്ക് ചെയ്ത ബസിലെ ജീവനക്കാരനായ രാജേഷിനു പരുക്കേറ്റിരുന്നു. പാളയം എയ്ഡ്പോസ്റ്റിലുള്ള പോലീസ് സ്ഥലത്തെത്തുകയും രണ്ടു ബസുകളും സ്റ്റേഷനിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
സ്റ്റേഷനിലെത്തിയ ബസ് ജീവനക്കാരുടെ മൊഴിയില്‍ നിന്നാണ് സിറാജുദ്ദീന് ബസിലുള്ളവര്‍ ഭീഷണിപ്പെടുത്തിയതും മറ്റും പോലീസ് അറിയുന്നത്. തുടര്‍ന്ന് രാജേഷിന്റെ പരാതിയില്‍ കസബ പോലീസ് കേസെടുക്കുകയായിരുന്നു. ജീവനക്കാരുടെ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചതിനിടെയാണ് ബസ് ഓടിച്ച മിഥുനിന്റെ ലൈസന്‍സും മറ്റു രേഖകളും പോലീസ് ആവശ്യപ്പെട്ടത്.
എന്നാല്‍ മിഥുനിന് ലൈസന്‍സില്ലായിരുന്നു മറുപടി. അതേസമയം മെഡിക്കല്‍കോളജ് മുതലാണ് മിഥുന് ബസ് ഓടിച്ചിരുന്നതെന്നാണ് മറ്റു ജീവനക്കാര്‍ പറയുന്നത്. ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. നിരവധി പേരുടെ ജീവന് അപകടത്തിലാക്കും വിധത്തില്‍ ബസ് ഓടിച്ച മിഥുനിനെതിരേയും അതിന് കൂട്ടു നിന്ന കണ്ടക്ടര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ക്കെതിരേയും നടപടിയെടുക്കുകയായിരുന്നു.
അതേസമയം സിറാജുദ്ദീന് ബസിനെതിരേ നേരത്തെയും കേസുകളുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. ഈ കേസില്‍ ബോണ്ട് നല്‍കിയാണ് ബസ് വീണ്ടും സര്‍വീസ് നടത്തിയത്. കൂടാതെ ബസ് ജീവനക്കാര്‍ക്കെതിരേയും കേസുകളുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ പോലീസ് മോട്ടോര്‍ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തോട് ശിപാര്‍ശ ചെയ്യും. ഇരുചക്രവാഹനത്തിന്റെ ലൈസന്‍സ് പോലുമില്ലാത്ത യുവാവ് ബസ് ഓടിച്ചത് ഉടമകളുടെ അറിവോടെയാണെന്ന സംശയവും പോലീസിനുണ്ട്. നേരത്തെയും മിഥുന് ബസ് ഓടിച്ചിരുന്നോ എന്ന കാര്യവും അന്വേഷിച്ചു വരികയാണെന്ന് കസബ എസ്ഐ വി. സിജിത്ത് പറഞ്ഞു.