ഷോബി കെ. പോൾ
ഇരിങ്ങാലക്കുട: ഗതാഗതകുരുക്കിലും ഇരിങ്ങാലക്കുടയിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിലാണ്. ലക്കും ലഗാനുമില്ലാതെ വലിയ വാഹനങ്ങൾ ചീറിപ്പായുന്നത് കാൽനട യാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും ഏറെ ഭീഷണി ഉയർത്തുന്നു. കഴിഞ്ഞദിവസം അമിത വേഗതയിലായിരുന്ന സ്വകാര്യ ബസിന്റെ നിയന്ത്രണംവിട്ട് നടന്ന അപകടത്തിൽ മോപ്പഡ് യാത്രികൻ മരിച്ചു.
ഇരിങ്ങാലക്കുട- കൊടുങ്ങല്ലൂർ റോഡിൽ സെന്റ് ജോസഫ്സ് കോളജിനു സമീപത്തായിരുന്നു അപകടം. അമിത വേഗതയാണ് മനുഷ്യജീവൻ കുരുതി കൊടുക്കുവാൻ സാഹചര്യമൊരുക്കിയത്. ടൗണിൽ മനുഷ്യജീവനു ഭീഷണിയായി മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകളിൽ മിക്കതും ട്രാഫിക് നിയമം തെറ്റിച്ച് ഓടുന്നവയാണ്.
നഗരപരിധിയിൽ വേഗം കുറക്കണമെന്ന നിയമം എഴുതിവച്ചിരിക്കുന്നതല്ലാതെ പലപ്പോഴും പാലിക്കപ്പെടാറില്ല എന്നുള്ളതാണു വസ്തുത. ഇത് പരിശോധിക്കുവാൻ ബന്ധപ്പെട്ട അധികാരികളോ തയാറല്ല. പലപ്പോഴും സ്വകാര്യ ബസുകൾ ടൗണിലെ വളവുകളിൽ വേഗത കുറക്കാതെ വളയ്ക്കുനോൾ യാത്രക്കാർ അറിയാതെ ദൈവത്തെ വിളിച്ചുപോകും. അമിതവേഗതയിൽ നഗരത്തിലെ നിരത്തുകളിലൂടെ കുതിച്ചുപായുന്ന സ്വകാര്യ ബസുകളിൽനിന്നും കാൽനടക്കാരും ചെറുവാഹനങ്ങളും ഭാഗ്യംകൊണ്ടു മാത്രമാണു പലപ്പോഴും രക്ഷപ്പെടുന്നത്.
അപകടം വിളിച്ചുവരുത്തുന്ന സാഹസികത
കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതുകണ്ടാൽ വാഹനം അമിതവേഗത്തിൽ ഇരച്ചുകൊണ്ടുവന്ന് തൊട്ടുമുന്നിൽ സഡൻ ബ്രേക്കിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും സാധാരണമാണ്. ബസ് സ്റ്റോപ്പിൽ നിർത്താൻ പോകുന്പോഴും വണ്ടി പരമാവധി വേഗം വർധിപ്പിച്ച് തങ്ങളുടെ സാഹസികത പുറത്തറിയിക്കുവാനുള്ള ശ്രമം ഡ്രൈവർമാരിൽ ഏറിയിട്ടുണ്ട്.
ചെട്ടിപ്പറന്പിൽനിന്നും ബസ് സ്റ്റാൻഡിലേക്ക് തിരിയുന്നിടത്തും ബസ് സ്റ്റാൻഡിനു സമീപത്തെ വളവുകളിലും ക്രൈസ്റ്റ് കോളജ് ജംഗ്ഷൻ, മാർക്കറ്റ് തുടങ്ങി ടൗണിലെ പലയിടത്തും ഡ്രൈവർമാർ ബസുകൾ വേഗത്തിൽ തിരിച്ച് യാത്രക്കാരിൽ അപകടഭീതി ഉണർത്തു ന്നുണ്ട്.
അമിത വേഗതയിലുള്ള ബസോട്ടം യാത്രക്കാരെ കാലാകാലത്തേക്കും രോഗികളാക്കുമോ അല്ലെങ്കിൽ ജീവൻതന്നെ എടുക്കപ്പെടുമോ എന്നുള്ള ഭയമാണു പലർക്കും. നഗരത്തിൽ ലക്കും ലഗാനുമില്ലാതെയാണു സ്വകാര്യ ബസുകളുടെ ചീറിപ്പാ യൽ.
ജീവനു കൊതിയുണ്ടേൽ വഴി മാറണം
ബസ് സ്റ്റാൻഡ് മുതൽ ഠാണ ജംഗ്ഷൻ വരെയുള്ള റോഡിൽ സ്വകാര്യ ബസുകളുടെ വേഗത കണ്ടാൽ ജീവനു കൊതിയുണ്ടെങ്കിൽ മാറി നടക്കണമെന്ന പരോക്ഷ ഭീഷണിയാണ് മുഴക്കുന്നത്. റോഡുകളിലുള്ള സ്പീഡ് ബ്രേക്കറുകൾ പോലും ബസുകൾ അവഗണി ക്കുകയാണ്. നടുറോഡിൽ പോകുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരെ ഹോണ് അടിച്ച് ഭയപ്പെടുത്തുന്നതും ബസ് ഡ്രൈവർമാരുടെ പതിവു ശൈലിയാണ്.
സ്കൂൾ കുട്ടികൾ അടക്കമുള്ളവർ വളരെ പേടിച്ചാണു റോഡിലൂടെ നടക്കുന്നത്. ബസ് ഗതാഗതം അനുവദിച്ചിട്ടില്ലാത്ത ഇടവഴികളിൽ കൂടിയും ചില സമയത്ത് സ്വകാര്യ ബസുകൾ വഴിതിരിച്ച് വിടുന്നുണ്ട്. ചുരുക്കത്തിൽ നഗരത്തിൽ ചെറുവാഹനങ്ങളിലുള്ള യാത്രയും കാൽനടയാത്രയും വൻ മാനസിക സമ്മർദത്തിനിടയാക്കുന്ന അവസ്ഥയാണുള്ളത്.
ജഗ്ഷനുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്പോൾ പലപ്പോഴും പോലീസുകാർ ഇതൊന്നും അറിയാത്ത മട്ടിലാണ് നിൽപ്പ്. സ്വകാര്യബസുകളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നിരത്തുകളിൽ ഇനിയും ഒരുപാടു ജീവൻ പൊലിയും.