കോട്ടയം: യാത്രക്കാരില്ല, കളക്ഷനുമില്ല. ജില്ലയിൽ ബസ് സർവീസ് കടുത്ത നഷ്ടത്തിലേക്ക്. ഇന്നലെയും 200 സ്വകാര്യ ബസുകളും 80 കഐസ്ആർടിസി ബസുകളും ജില്ലയിൽ സർവീസ് നടത്തി.
ആയിരം രൂപ മുതൽ രണ്ടായിരം രൂപ വരെയായാണ് സ്വകാര്യ ബസുകൾക്ക് ലഭിച്ചത്. കോവിഡ് ഭീതിയിൽ യാത്രക്കാർ സ്വകാര്യ വാഹനങ്ങളെ കൂടുതലായി ആശ്രയിക്കുന്നു. ചില റൂട്ടുകളിൽ ബസുകളില്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു.
ഒന്നോ രണ്ടോ ബസുകൾ മാത്രം ഓടുന്ന റൂട്ടുകളുമുണ്ട്. തിങ്കളാഴ്ച മുതൽ 300 ബസുകൾ നിരത്തിലിറങ്ങും. 31 വരെ സർവീസ് തുടർന്നശേഷം കളക്ഷനിൽ വർധനവില്ലെങ്കിൽ ഓട്ടം നിറുത്താൻ ഏറെപ്പേരും നിർബന്ധിതരാകും.
അതേ സമയം കഐസ്ആർടിസി ബസുകൾക്ക് ഇന്നലെ വരുമാനത്തിൽ വർധനവുണ്ട്. മൂവായിരം രൂപ മുതൽ 4,500 രൂപ വരെ ചില റൂട്ടുകളിൽ കളക്ഷൻ ലഭിച്ചു.
കോട്ടയം-പൊൻകുന്നം- മുണ്ടക്കയം, കോട്ടയം-പാലാ-ഈരാറ്റുപേട്ട റൂട്ടുകളിലാണ് കൂടുതൽ കളക്ഷൻ. മിനിമം ആറായിരം രൂപ ലഭിച്ചാൽ മാത്രമേ ബാധ്യതയില്ലാതെ കഐസ്ആർടിസിക്കു സർവീസ് തുടരാനാകൂ.