കോതമംഗലം: സ്വകാര്യ ബസ് സർവീസ് വ്യവസായം വലിയ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നതായി ബസുടമകളുടെ പരാതി. ഇന്ധന വില കുറച്ചും ഡീസൽ പെർമിറ്റ് ഏർപ്പെടുത്തിയും ഇത് പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രളയക്കെടുതിക്കുശേഷം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവും റോഡുകളുടെ ശോചനീയവസ്ഥയും വൻ ഇന്ധന വിലവർധനയും സ്വകാര്യ ബസ് വ്യവസായത്തിനും ഓട്ടോ-ടാക്സി മേഖലക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.
മഹാപ്രളയത്തിനുശേഷം സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ ദൈനംദിന വരുമാനത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് ഉടമകൾ പറയുന്നു. കനത്തമഴയും ഉരുൾപൊട്ടലും ഹൈറേഞ്ചിനെ ഉഴുതുമറിച്ചപ്പോൾ റോഡുകളിലൂടെ വാഹന യാത്ര അസാധ്യമായിരിക്കുകയാണ്. പല ഭാഗത്തും റോഡുകളില്ല. ഇടുക്കി-കട്ടപ്പന റൂട്ടിൽ പ്രളയവും മണ്ണിടിച്ചിലും മൂലം മുടങ്ങിക്കിടന്ന സർവീസുകൾ ഏതാനും ആഴ്ചകൾക്ക് മുന്പാണ് പുനരാരംഭിച്ചത്.
തകർന്ന റോഡിലൂടെ ഓടിയെത്താൻ കൂടുതൽ സമയം വേണ്ടിവരുന്നത് ഇന്ധന ചെലവ് കൂട്ടുകയാണ്. കേടുപാടുകൾ വർധിക്കുന്നതും ടയറുകൾ പൊട്ടുന്നതും ചെലവ് ഇരട്ടിയാക്കുന്നു. പ്രളയത്തിനുമുന്പും പല റോഡുകളും യാത്രക്കാരുടെ നടുവൊടിക്കും വിധം കുണ്ടും കുഴിയുമായിരുന്നു.
വാഹന നികുതിയും റോഡ് ടാക്സും പിരിക്കാൻ അധികൃതർ കാട്ടുന്ന ഉത്സാഹം റോഡ് നവീകരണത്തിൽ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സർവീസുകൾ പലതും നഷ്ടത്തിലായതിനാൽ കളക്ഷൻ കുറവുള്ള ട്രിപ്പുകൾ മുടക്കുന്നതും പതിവായിട്ടുണ്ട്. ഇത് പലപ്പോഴും ബസ് കാത്ത് നിൽക്കുന്ന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കളക്ഷൻ കുറഞ്ഞ് ഇന്ധന ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ട്രിപ്പ് മുടക്കുന്നതെന്നാണ് ബസുടമകൾ പറയുന്നത്.
ഈ നില തുടർന്നാൽ മൂന്നു മാസത്തിനുള്ളിൽ മൂന്നിലൊന്ന് ബസുകൾകളുടെ സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യത്തിലാണെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. ബാങ്ക് വായ്പയും ബ്ലേഡ് ബാങ്കുകളിൽനിന്നു ഡെയ്ലി കളക്ഷന് വാങ്ങിയും സർവീസ് നടത്തുന്ന ഒറ്റവണ്ടിക്കാരാണ് ഏറ്റവും പ്രതിസന്ധിയിലായിട്ടുള്ളത്.
പ്രതിദിനം 100 ലിറ്റർ ഡീസൽ ആവശ്യമായിരുന്ന സർവീസുകൾക്കു റോഡിന്റെ തകർച്ചമൂലം10-15 ലിറ്റർ കൂടുതൽ വേണ്ടിവരികയാണ്. ഓടിയെത്താൻ 30 മിനിട്ട് റണ്ണിംഗ് ടൈം വേണ്ടിടത്തു 10 മിനിറ്റോളം കൂടുതൽ വേണ്ടിവരുന്നതുമൂലം നഷ്ടം പലവിധത്തിലാണ്.
രാവിലെയും വൈകിട്ടും ഒഴിച്ചുള്ള സമയത്ത് യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. കോതമംഗലത്തുനിന്നു ഹൈറേഞ്ച് ഭാഗത്തേക്കും ആലുവ-എറണാകുളം ഭാഗത്തേക്കുമെല്ലാം യാത്രക്കാരുടെ ഗണ്യമായ കുറവ് പ്രകടമാണ്. സാന്പത്തിക പ്രതിസന്ധിയാണ് യാത്രക്കാരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേന്റെ വിലയിരുത്തൽ.
ചുരുങ്ങിയ നാളുകൾക്കുള്ളിൽ 20 രൂപയോളം ഡീസൽ വില വർധിച്ചതാണ് ബസ് വ്യവസായത്തെ പ്രതിസന്ധിയിലെത്തിച്ച പ്രധാനകാരണം. ഇനിയൊരു ബസ് ചാർജ് വർധനയുണ്ടായാൽ വീണ്ടും യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബസ് സർവീസ് വ്യവസായത്തെ നിലർത്താൻ ഇന്ധന വില അടിയന്തരമായി കുറയ്ക്കുകയോ സർവീസ് ബസുകൾക്ക് ഇന്ധന പെർമിറ്റ് നൽകി സബ്സിഡി ഏർപ്പെടുത്തുകയോ ചെയ്യണം.