പരവൂർ: കുണ്ടറ-വർക്കല റൂട്ടിൽ പുതുതായി തുടങ്ങിയ കെഎസ്ആർടിസി ചെയിൻസർവീസ് രാത്രി യാത്രക്കാർക്ക് പ്രയോജനം കിട്ടുന്നില്ലെന്ന് ആക്ഷേപം. വർഷങ്ങളായി പരവൂർ ചാത്തന്നൂർ റൂട്ടിൽ രാത്രി എട്ടിന് ശേഷം യാത്രേക്ലേശമാണെന്ന് യാത്രക്കാർ പറയുന്നു. പരവൂരിൽനിന്ന് ചാത്തന്നൂരിലേക്ക് രാത്രി എട്ടിന് ശേഷം സ്വകാര്യബസ് സർവീസ് നിർത്തുകയാണ് പതിവ്.
ചാത്തന്നൂരിൽനിന്നും പരവൂരിലേക്കും ഇതാണ് അവസ്ഥ. കൈല്ലത്തുനിന്നും പരവൂർ പൊഴിക്കരയിസലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് പോയാൽ പിന്നെ ഒരു ബസ് പോലും ഇല്ല. മുന്പ് ചാത്തന്നൂരിൽ രാത്രി 10.15 ന് എത്തുന്ന പരവൂർ പൊഴിക്കര കെഎസ്ആർടിസി ബസ് ഇപ്പോൾ സ്ഥിരമല്ലെന്നും യാത്രകാർ പറയുന്നു.
ഇപ്പോൾ തുടങ്ങിയ കുണ്ടറ വർക്കല കെഎസ്ആർടിസി ചെയിൻ സർവീസ് രാത്രിയാത്രക്കാരെ കൂടി പരിഗണിച്ച് 10വരെ സർവീസ് നടത്തണമെന്നാണ് നാട്ടുകാരുടേയും യാത്രകാരുടേയും ആവശ്യം. പകൽ ഈ റൂട്ടിൽ സ്വകാര്യബസുകൾ നിരവധിയുണ്ട്.
തിരുവനന്തപുരത്തും എറണാകുളത്തും മറ്റും ജോലി കഴിഞ്ഞ് രാത്രി പരവൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന ഉദ്യോഗസ്ഥർ മീനാട്, ചാത്തന്നൂർ, പൂതക്കുളം, പാരിപ്പള്ളി, കല്ലുവാതുക്കൾ ഇത്തിക്കര തുടങ്ങിയ സ്ഥലങ്ങളിലെത്താൻ കഴിയാതെ വലയുകയാണ്. രാത്രി ചെയിൻസർവീസ് കൂടി പരിഗണിച്ചാൽ യാത്രക്കാരുടെ ഈ ബുദ്ധിമുട്ട് പരിഹരിക്കാനാവും.