കോട്ടയം: ഡീസൽ വില വർധനയിൽ പിടിച്ചുനിൽക്കാനാവാതെ സംസ്ഥാനത്ത് 1600ൽ അധികം സ്വകാര്യ ബസുകൾ ഓട്ടം നിർത്തി. നിയമാനുസൃതമായി ജി ഫോം നല്കിയാണ് സർവീസ് നിർത്തി വച്ചിരിക്കുന്നത്. ഈ സാഹചര്യം കോട്ടയത്തും സംജാതമായെന്നും ബസുകൾ കൂട്ടത്തോടെ സർവീസ് നിർത്തി വയ്ക്കാൻ നിർബന്ധിതരാകുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പൊതുയോഗം മുന്നറിയിപ്പു നല്കി.
അന്യായമായ ഡീസൽ വില വർധനവ് തുടർന്നാൽ ജീവനക്കാർക്ക് ശന്പളം നല്കാൻ പോലുമാവാതെ ബസുകൾ സർവീസ് നിർത്തേണ്ടി വരുമെന്ന് ബസുടമകൾ ചൂണ്ടിക്കാട്ടി. ഡീസലിന്റെ നികുതി കുറയ്ക്കുകയോ ഡീസലിന് സബ്സിഡി അനുവദിക്കുകയോ ചെയ്യണമെന്ന് യോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ഓയിൽ കന്പനികളുടെ ലാഭം 9.8 ശതമാനം ആയിരുന്നത് 15.19 ശതമാനം ആയി വർധിപ്പിച്ചുകൊടുത്ത നടപടി പിൻവലിക്കണം. വിദ്യാർഥികളുടെ കണ്സഷൻ നിരക്ക് കാലോചിതമായി വർധിപ്പിച്ച് ബസ് ചാർജ് വർധന ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോട്ടയം ജില്ലയിലെ ബസുടമകൾ കാരുണ്യ യാത്ര നടത്തി സമാഹരിച്ച 31, 59000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് യോഗത്തിൽ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾക്ക് കൈമാറി. ജില്ലാ പ്രസിഡന്റ് ടി.ജെ.ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.ബി.സത്യൻ, ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ട്രഷറർ ഹംസ എരിക്കുന്നൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.സുരേഷ്, ജില്ലാ ട്രഷറർ ടി.യു.ജോണ് എന്നിവർ പ്രസംഗിച്ചു.