കൊച്ചി: വാഹനാപകടങ്ങളും ട്രാഫിക് നിയമ ലംഘനങ്ങളുമുള്പ്പെടെ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് നഗരത്തിലെ സ്വകാര്യ ബസുകളില്‍ നിന്ന് കൊച്ചി സിറ്റി പോലീസ് പിഴയടപ്പിച്ചത് 8,65,000 രൂപ. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 15 വരെയുള്ള കണക്കാണിത്. 8,212 പെറ്റികേസുകള്‍ ഇക്കാലയളവില്‍ എടുത്തു.
മദ്യപിച്ച് വാഹനം ഓടിച്ചതിന് 41 സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബസിന്റെ ഡോര്‍ അടയ്ക്കാതെ അപകടകരമായി സര്‍വീസ് നടത്തിയതിന് 1,638 ബസുകള്‍ക്കെതിരെ കേസ് എടുത്തു. അപകടകരമായി സര്‍വീസ് നടത്തിയതിന് 32 ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസ് എടുത്തത്. 15 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനായി മോട്ടോര്‍ വാഹന വകുപ്പിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ഒരു തവണ കുറ്റകൃത്യത്തിന് ഫൈന്‍ അടച്ച സ്വകാര്യബസുകള്‍ തന്നെ വീണ്ടും വീണ്ടും കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അതുകൊണ്ടുതന്നെയാണ് നഗരത്തില്‍ തോന്നുംപടി പായുന്ന സ്വകാര്യ ബസുകളെ കടിഞ്ഞാണിടാനുള്ള ശ്രമങ്ങള്‍ പോലീസ് അധികൃതര്‍ ശക്തമാക്കുന്നത്. ഗുണ്ടാസംഘങ്ങളുടെ പിന്‍ബലം പറ്റി സര്‍വീസ് നടത്തുന്ന ചുരുക്കം ചില ബസ് ജീവനക്കാരാണ് അപകടങ്ങളിലേക്ക് വഴിയൊരുക്കുന്നത്.
ഇവരെ നിലയ്ക്ക് നിര്‍ത്താനുള്ള ശ്രമമാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെയ്യുന്നത്. അലക്ഷ്യവും അപകടകരവുമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദര്‍ പറഞ്ഞു.
ജീവന് പണയംവച്ചുള്ള യാത്ര
ഇക്കഴിഞ്ഞ 12 ന് ഫോര്‍ട്ടുകൊച്ചി മാന്ത്രയില്‍ അമിതവേഗതയില്‍ പാഞ്ഞ സിംസാര എന്ന സ്വകാര്യ ബസ് അലീന എന്ന മറ്റൊരു ബസിലിടിച്ച് 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ സിംസാര ബസ് ഡ്രൈവര്‍ ആലുവ സ്വദേശി സജോ ജോസഫിനെതിരേ ഫോര്‍ട്ടുകൊച്ചി പോലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ ലൈസന്‍സ് ആറുമാസത്തേക്ക് റദ്ദാക്കി.
സിഗ്നല്‍ കിട്ടിക്കഴിഞ്ഞാല്‍ സ്റ്റോപ്പില്‍ നിറുത്തി ആളെയിറക്കുന്നതിനു പകരം റോഡിന്റെ മധ്യഭാഗത്തു നിറുത്തിയാണ് പല ബസുകളും ആളെ ഇറക്കുന്നത്. എറണാകുളം ടൗണ്‍ഹാളിനു മുന്നിലും എറണാകുളം സൗത്തിലും കലൂരിലുമൊക്കെ ഇത് പതിവ് കാഴ്ചയാണ്. കളക്ഷന്‍ കുറയും എന്ന കാരണത്താലാണ് പലപ്പോഴും ബസുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത്. പലപ്പോഴും ഒരു മിനിറ്റ് വ്യത്യാസത്തിലാണ് കാക്കനാട്, ആലുവ, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, കുമ്പളങ്ങി, ചെല്ലാനം, പള്ളുരുത്തി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസുകളുടെ സര്‍വീസ്.
ഓവര്‍ടേക്കിംഗ് നിരോധിച്ചെങ്കിലും…
നഗരത്തിനുള്ളില്‍ സ്വകാര്യ ബസുകളുടെ ഓവര്‍ടേക്കിങ് ഹൈക്കോടതി നിരോധിച്ചതാണ്. എന്നാല്‍, മത്സരയോട്ടവും ഓവര്‍ടേക്കിങ്ങും ഇന്നും നിര്‍ബാധം തുടരുന്നു. ഇതേച്ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ കൈയാങ്കളിയുമുണ്ടാകാറുണ്ട്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ഹോണ്‍ മുഴക്കുന്നതും മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുന്നതും നിരോധിച്ചുകൊണ്ട് 2022 ഒക്ടോബറിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ബസുകള്‍ ഇടതുവശം ചേര്‍ന്ന് മാത്രം പോയാല്‍ മതിയെന്നും നിര്‍ദേശിച്ചിരുന്നു. പക്ഷേ അതിനൊക്കെ പുല്ലുവിലയാണ് ബസ് ജീവനക്കാര്‍ നല്‍കുന്നത്.
പോലീസിനും രക്ഷയില്ല
മാസങ്ങള്‍ക്കു മുമ്പ് കലൂര്‍ പള്ളിക്കു സമീപത്തുവച്ച് കാറിലിടിച്ച് അപകടം വരുത്തിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ക്കു നേരെ പ്രതിഷേധവുമായി ഒരു കൂട്ടം ബസ് ജീവനക്കാര്‍ പോലീസ് സ്റ്റേഷന് ഉപരോധത്തിനായി എത്തിയിരുന്നു. കലൂര്‍ സ്റ്റാന്‍ഡില്‍ വച്ച് യൂണിഫോം ധരിക്കാതെ ബസ് ഓടിച്ച ഡ്രൈവര്‍ക്ക് പിഴ നല്കിയ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനോട് ‘സാറിന്റെ മക്കള്‍ ഇതിന്റെ കൂലി അനുഭവിക്കു’മെന്നു പറഞ്ഞുപോയ ബസ് ഡ്രൈവറും നഗരത്തിലുണ്ട്.
പകരക്കാര്‍ പ്രശ്നക്കാര്‍
ഒരു ജീവനക്കാരന്റെ അഭാവത്തില്‍ പകരം എത്തുന്ന ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമാണ് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ബസ് ഉടമ സംഘടനാ നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇങ്ങനെയെത്തുന്നവരില്‍ പലരും മദ്യപാനികളും മയക്കുമരുന്ന് ഉപയോഗിക്കുന്നുവരുമായിരിക്കും. ഇത്തരക്കാര്‍ മൂലം നല്ല രീതിയില്‍ സര്‍വീസ് നടത്തുന്ന ബസ് ജീവനക്കാര്‍ക്കു തന്നെ അപമാനം ഉണ്ടാകുന്നുവെന്നാണ് ഉടമകളും ജീവനക്കാരും പറയുന്നത്. കണ്ടക്ടര്‍മാര്‍ നെയിം ബോര്‍ഡ് ധരിക്കണമെന്ന് നിയമമുണ്ടെങ്കിലും കൊച്ചിയിലെ ബസ് കണ്ടക്ടര്‍മാര്‍ക്ക് ഇതൊന്നും ബാധകമല്ല.