തൃശൂർ: വിദ്യാർഥികൾ പിന്നാലെ ഓടിയിട്ടും നിർത്താതെ പോയ സ്വകാര്യ ബസ് തടഞ്ഞു നിർത്തി രമ്യാ ഹരിദാസ് എംപി. തൃശൂർ പെരുമ്പിലാവിലാണ് സംഭവം.
കോളജിന് മുന്നിൽ ഒരു ബസും നിർത്തില്ലെന്ന വിദ്യാർഥികൾ പരാതി പറഞ്ഞതിന് പിന്നാലെ വിദ്യാർഥികൾക്കൊപ്പം റോഡിൽ നിന്ന് രമ്യ ഹരിദാസ് ബസ് തടഞ്ഞു നിർത്തി വിദ്യാർഥികളെ കയറ്റുകയായിരുന്നു.
എന്നാൽ ഇതു വഴി വന്ന ഒരു ബസ് ജീവനക്കാർ അത് ദീർഘദൂര ബസാണെന്നും വിദ്യാർഥികളെ കയറ്റാനാകില്ലെന്നും പറഞ്ഞതോടെ രംഗം വഷളായി.
തുടർന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ഓട്ടോ തൊഴിലാളികളും പ്രശ്നത്തിൽ ഇടപെട്ടു. എംപിയോട് ബസിലെ ജീവനക്കാരൻ കയർത്തു സംസാരിച്ചത് ചെറിയ സംഘർഷത്തിനിടയാക്കുകയും ചെയ്തു.
പിന്നീട് പോലീസിനെ വിളിച്ചുവരുത്തിയാണ് വിദ്യാർഥികളെ ബസിൽ കയറ്റിയത്. ഒടുവിൽ ബസ് ജീവനക്കാരൻ എംപിയോട് മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിച്ചു.