തുറവൂർ: സ്വകാര്യ ബസുകളുടെ ഡോറുകൾ തുറന്നു തന്നെ കിടക്കുന്നു. കോടതി ഉത്തരവും സർക്കാർ ഉത്തരവുകളും കാറ്റിൽപ്പറത്തിയാണ് സ്വകാര്യബസുകളുടെ ഈ നടപടി. സർക്കാരിന്റെ നിർദ്ദേശപ്രകാരം എല്ലാ ബസിലും വാതിലുകൾ പിടിപ്പിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം തുറന്നു കിടക്കുന്ന നിലയിൽ റോപ്പിട്ട് കെട്ടിയിരിക്കുയാണ്.
ബസുകളുടെ പരിശോധന സമയങ്ങളിൽ മാത്രം റോപ്പ് അഴിച്ച് ഡോർ പ്രവർത്തിപ്പിക്കും. പരിശോധനയ്ക്ക് ശേഷം വീണ്ടും റോപ്പിട്ട് കെട്ടിവയ്ക്കും. ചില ബസുകളിൽ ഹൈഡ്രോളിക്ക് ഡോറുകൾ പിടിപ്പിച്ചിട്ടുണ്ടെങ്കിലും ഇവയും അടക്കാറില്ല. ചേർത്തല – കലൂർ, ചേർത്തല- അരൂർ മുക്കം, ചേർത്തല – ആലപ്പുഴ, ചേർത്തല -മുഹമ്മ, ചെല്ലാനം -ചേർത്തല, ചെല്ലാനം – തോപ്പുംപടി റൂട്ടുകളിൽ ഓടുന്ന ഒട്ടുമിക്ക ബസുകളിലേയും ഡോറുകൾ തുറന്നു കിടക്കുന്നത്.
ഏതുസമയവും മത്സര ഓട്ടം നടക്കുന്ന ചേർത്തല – എറണാകുളം റൂട്ടിലെ ബസിൽ യാത്രക്കാർ വളരെ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. ഈ റൂട്ടിൽ ഇതിനോടകം ബസിൽ നിന്ന് തെറിച്ചു വീണ് നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
സമയക്കുറവും ഡോർ അടക്കുവാനുള്ള യാത്രക്കാരുടെ വിമുഖതയുമാണ് ഇത്തരത്തിൽ ഡോറുകൾ കെട്ടി വയ്ക്കുന്നതെന്ന് ബസ് ജീവനക്കാർ പറയുന്നു. ബസ് സർവീസ് നടത്തുന്ന സമയങ്ങളിൽ ഡോർ പ്രവർത്തിപ്പിക്കുവാനുളള നടപടി അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.