ചിറ്റൂർ: നന്ദിയോട്-പാപ്പൻചള്ളവഴി സർവീസ് നടത്തിയിരുന്ന ഏക സ്വകാര്യബസിന്റെ സർവീസ് നിർത്തി. ഇതുമൂലം കവറത്തോട്, പുള്ളിമാൻചള്ള, നാവിളംതോട്, ചെമ്മണ്ണാംതോട്, തട്ടാൻചള്ള, പാറയ്ക്കൽചള്ള, പാപ്പൻചള്ള നിവാസികൾ ദുരിതത്തിലായി.
മുതലമട, നന്ദിയോട്, വണ്ടിത്താവളം എന്നിവിടങ്ങളിലെ സ്കൂളുകളിലേക്കായി നിരവധി വിദ്യാർഥികളാണ് ഈ ബസ് സർവീസിനെ ആശ്രയിക്കുന്നത്. കൃഷി കുടുംബങ്ങളായതിനാൽ ഇരുചക്രവാഹനംപോലും വീടുകളില്ല. ഇതുമൂലം മൂന്നും നാലും കിലോമീറ്റർ നടന്നാണ് വിദ്യാർഥികൾ പോകുന്നത്. കൂടാതെ മുതലമട പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു ചികിത്സയ്ക്കും പോകാൻ കഴിയുന്നില്ല.
ബസ് സർവീസ് നിലച്ചതോടെ പല വിദ്യാർഥികളും സ്കൂളിലേക്കു പോകാൻ തന്നെ മടികാട്ടുകയാണ്. പട്ടഞ്ചേരി, മുതലമട പഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടെ ആറുകിലോമീറ്റർ ദൈർഘ്യമുള്ളതാണ് നന്ദിയോട്-പാപ്പൻചള്ള പാത. ബസിന്റെ വാർഷിക പരിശോധനയ്ക്കാണ് സർവീസ് നിർത്തിയതെന്നാണ് ഉടമസ്ഥർ പറയുന്നതെങ്കിലും ഇതുവരെയും പുനരാരംഭിച്ചിട്ടില്ല.
മുന്പ് ഇതുവഴി കെഎസ്ആർടിസി ഓടിക്കാൻ ശ്രമം ഉണ്ടായെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. എത്രയുംവേഗം ഇതുവഴിയുള്ള ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആർടിഒ, ജില്ലാ ഭരണകൂട മേധാവി എന്നിവർക്കു നിവേദനം നല്കാൻ ഒപ്പുശേഖരണം തുടങ്ങി.