കോട്ടയം: സ്വകാര്യ ബസുകളിലെ യാത്രക്കാർ സാമൂഹിക അകലം പാലിക്കാതെയാണ് യാത്ര ചെയ്യുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി.
ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന പൊതുഗതാഗത സംവിധാനമായ ബസുകളിൽ സാമൂഹിക അകലം പാലിക്കാൻ വേണ്ടി കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇവയെല്ലാം ലംഘിച്ചാണ് പൊതുജനങ്ങൾ യാത്ര ചെയ്യുന്നത്.
പല സ്വകാര്യ ബസുകളിലും സീറ്റു നിറഞ്ഞും യാത്രക്കാർ നിന്നുമാണ് സർവീസ് നടക്കുന്നത്. രണ്ടുപേർക്കുള്ള സീറ്റിൽ ഒരാളും മൂന്നു പേർക്കുള്ള സീറ്റിൽ രണ്ടുപേരുമാണ് യാത്ര ചെയ്യേണ്ടത്. യാത്രക്കാരെ നിർത്തിക്കൊണ്ടു യാത്ര ചെയ്യാനും പാടില്ല. ഈ നിർദേശങ്ങൾ അനുസരിക്കാതെയാണ് സർവീസ് നടക്കുന്നത്.
പ്രായമുള്ളവരും സ്ത്രീകളും ബസിൽ ഓടിക്കയറാനും സീറ്റ് കണ്ടെത്താനും പലപ്പോഴും ബുദ്ധിമുട്ടുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലേക്കുള്ള സർവീസുകൾ പൊതുവേ കുറവമാണ്. അതുകൊണ്ടുതന്നെ ജോലി കഴിഞ്ഞെത്തുന്നവർക്കും യാത്രക്കാർക്കും മറ്റു യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കേണ്ടിവരുന്നത്.
അതാണ് വൈകുന്നേരങ്ങളിൽ ബസുകളിലെ തിരക്കിനു പലപ്പോഴും കാരണമാകുന്നത്. തു ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ലോക്ക്ഡൗണിൽ ഇളവുകൾ നല്കി യാത്രക്കാരുടെ എണ്ണം കുറച്ച് ബസുകൾക്കു സർവീസ് അനുമതി നല്കിയിരിക്കുന്നതും ഉർന്ന യാത്രക്കൂലി ഈടാക്കാൻ അനുവദിച്ചിരിക്കുന്നതും.
അധികൃതർ നല്കിയിരിക്കുന്ന നിർദേശങ്ങൾക്ക് വിരുദ്ധമായാണ് കൂടുതൽ യാത്രക്കാർ പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്നത്. നിർദേശങ്ങൾ ലംഘിച്ചാൽ പിഴയീടാക്കാനാണ് തീരുമാനം.
-മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് അധികൃതർ.
നിർദേശങ്ങൾ അനുസരിക്കാൻ സ്റ്റോപ്പുകളിൽ നിൽക്കുന്ന യാത്രക്കാർ കൂട്ടാക്കുന്നില്ല. ബസ് നിർത്തുന്പോൾ പത്തിലധികം ആളുകളാണ് കയറാനായി ഓടിക്കൂടുന്നത്. ബസിൽ സീറ്റു കുറവാമെന്നു അറിയിച്ചാലും യാത്രക്കാർ ബസിൽ കയറുകയാണ്. പലപ്പോഴും യാത്രക്കാരുമായി തർക്കമാണ്. ഗത്യന്തരമില്ലാതെയാണ് ഇവരെ കൊണ്ടു പോകുന്നത്.
-സ്വകാര്യ ബസ് ജീവനക്കാരൻ
യാത്ര ചെയ്യാൻ ബസുകളുടെ കുറവാണ് പ്രധാന പ്രശ്നം. നിശ്ചിത സമയം മാത്രം സർവീസ് ഉള്ളതും സീറ്റു ലഭിക്കാത്തതിനാൽ ഒരു ബസിൽ നിന്നും ഇറങ്ങി മറ്റൊന്നിൽ കയറേണ്ടി വരുന്നതുമാണ് പലപ്പോഴും വലക്കുന്നത്. മഴയെത്തും മുന്പ് തിരികെ എത്താനാണ് ശ്രമിക്കുന്നത്. അതിനായിആദ്യം കിട്ടുന്ന ബസില് കയറും. സമൂഹിക അകലം പലപ്പോഴും മറന്നു പോകും. മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ട്.
-യാത്രക്കാരൻ