വടക്കഞ്ചേരി: അപകട പരന്പരകൾ അരങ്ങേറുന്പോഴും നാലുവരി ദേശീയപാത അഞ്ചുമൂർത്തി മംഗലത്ത് സർവീസ് റോഡ് ഒഴിവാക്കി സ്വകാര്യബസുകൾ പായുന്നത് ദേശീയപാതവഴിതന്നെ. അഞ്ചുമൂർത്തി മംഗലം പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ദേശീയ പാതയിൽ ബസുകൾ നിർത്തുന്നതുമൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ബസുകളെല്ലാം സർവീസ് റോഡുവഴി മംഗലം പഴയപാലം കടന്ന് വടക്കഞ്ചേരി ടൗണിലെത്തണമെന്നായിരുന്നു നിർദേശം.
എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് ബസുകൾ ദേശീയപാതയിലൂടെ പോകുന്നത്. ബസ് ബെ ഇല്ലാത്ത ദേശീയപാത അഞ്ചുമൂർത്തിമംഗലത്ത് ബസുകൾ ദേശീയപാതയിൽതന്നെ നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇതുമൂലം പുറകിൽവരുന്ന വാഹനങ്ങൾ ബസുകൾക്ക് പിന്നിൽ ഇടിച്ച് അപകടപരന്പരകൾ അരങ്ങേറുകയാണ്. ശനിയാഴ്ച രാത്രിയും ഇത്തരത്തിലുള്ള അപകടമുണ്ടായി.
കഴിഞ്ഞ ജനുവരി 21നുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദേശീയപാതയിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയ സ്വകാര്യബസിനു പുറകിൽ കഐസ് ആർടിസി ബസിടിച്ചായിരുന്നു അപകടം. നിയന്ത്രണംവിട്ട സ്വകാര്യബസ് റോഡ് മധ്യത്തിലെ ഡിവൈഡറും ചാടികടന്ന് പാതയോരത്തെ കെട്ടിടത്തിൽ ഇടിച്ചാണ് നിന്നത്.
ഇതിനെ തുടർന്ന് മന്ത്രി എ.കെ. ബാലനും പി.കെ. ബിജു എംപിയും നാട്ടുകാരുമെല്ലാം ഇടപെട്ട് ബസുകൾ സർവീസ് റോഡ് വഴിപോകാൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഈ ക്രമീകരണത്തിന് ദീർഘായുസുണ്ടായില്ല. സർവീസ് റോഡിലൂടെ പോയാൽ ഇടുങ്ങിയതും ബലക്ഷയമുള്ള മംഗലം പഴയപാലം വഴി കടന്നുപോകണം.
ഇത് ഒഴിവാക്കാനാണ് ബസുകൾ ദേശീയപാതവഴിതന്നെ പോകുന്നത്. ഇത്തരത്തിൽ ബസുകൾ തോന്നും മട്ടിൽ പോകുന്നത് യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ബസ് കയറാൻ ഏത് റോഡിൽ നിൽക്കണമെന്ന ആശയക്കുഴപ്പമാണ് പലപ്പോഴും ഉണ്ടാകുന്നത്.