വടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂർത്തിമംഗലം പഴയ പോസ്റ്റോഫീസ് ജംഗ്ഷനിലെ അപകടം ഒഴിവാക്കാൻ ബസുകളെല്ലാം സർവീസ് റോഡ് വഴി പോകണമെന്നു നിർദേശമുണ്ടെങ്കിലും ഒരുവർഷത്തോളമായി നടപടിയില്ലാതെ എല്ലാം വാക്കുകളിൽ ഒതുങ്ങി.കഴിഞ്ഞവർഷം ജനുവരി 21-നാണ് പഴയ പോസ്റ്റോഫീസ് ജംഗ്ഷനിൽ കഐസ്ആർടിസി ബസും സ്വകാര്യ ബസും കുട്ടിയിടിച്ച് ഒരാൾ മരിക്കുകയും 26 പേർക്ക് പരിക്കേല്ക്കുകയും ചെയ്ത അപകടമുണ്ടായത്.
ഇവിടെ ദേശീയപാതയിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയ സ്വകാര്യബസിനു പിറകിൽ കഐസ്ആർടിസി ബസിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്വകാര്യബസ് സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. ബസ് ബേ പോലുമില്ലാത്ത ഇവിടെ ദേശീയപാതയിൽ തന്നെയാണ് ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്.
അന്ന് അപകടമുണ്ടായപ്പോൾ വാർഡ് മെംബർ മുതൽ മന്ത്രിയും എംപിയുമൊക്കെ ഇടപെട്ട് സർവീസ് റോഡുള്ള സ്ഥലങ്ങളിൽ സർവീസ് റോഡുവഴി തന്നെ ബസുകൾ പോകണമെന്ന് തീരുമാനമെടുക്കുകയുണ്ടായി. രാഷ്ട്രീയപാർട്ടികളും നാട്ടുകാരും അതിന് പിന്തുണയുമായി രംഗത്തുവന്നു. എന്നാൽ കുറച്ചുദിവസം ബസുകൾ സർവീസ് റോഡുവഴി പോയതല്ലാതെ ഇപ്പോഴും തോന്നുംമട്ടിലാണ് ബസുകൾ പായുന്നത്.
സർവീസ് റോഡുവഴി പോകാത്ത ബസുകൾക്കെതിരേ പോലീസ് ഇടപെട്ട് നടപടിയെടുത്താൽ പ്രശ്നം തീരാവുന്നതാണെങ്കിലും പോലീസും രംഗത്തുവരുന്നില്ല. ഇടയ്ക്ക് ചില ബസുകൾ സർവീസ് റോഡുവഴി പോകുന്നുണ്ട്. എന്നാൽ സ്കൂൾ സമയങ്ങളിലെല്ലാം വാഹനത്തിരക്കേറിയ ദേശീയപാതയിലാണ് ബസുകൾ നിർത്തുന്നത്.
മതിയായ സിഗ്്നൽ കാണിക്കാതെ ബസുകൾ പെട്ടെന്ന് ദേശീയപാതയിൽ നിർത്തുന്പോൾ ദൂരസ്ഥലങ്ങളിൽനിന്നും പാഞ്ഞുവരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കാനുള്ള സാധ്യത കൂടുതലാണ്. അടിയന്തിരമായി ബസ് ബേ നിർമിക്കുകയോ നിലവിലുള്ള സ്റ്റോപ്പ് നൂറുമീറ്റർ മാറ്റി സർവീസ് റോഡ് ആരംഭിക്കുന്ന ഭാഗത്തേക്ക് മാറ്റണമെന്ന ആവശ്യവുമുണ്ട്.