തൃശൂർ: അന്തർജില്ലാ ബസ് സർവീസ് ഇന്നു മുതൽ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞെങ്കിലും കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങിയില്ല. എന്നാൽ സ്വകാര്യ ബസുകളിൽ ചിലതു രാവിലെ മുതൽ സർവീസ് ആരംഭിച്ചു.
ഉത്തരവൊന്നും ലഭിക്കാത്തതിനാലാണ് അന്തർജില്ലാ സർവീസുകൾ ആരംഭിക്കാത്തതെന്നു കെഎസ്ആർടിസി തൃശൂർ ഡിടിഒ പറഞ്ഞു. ഉത്തരവ് വരുന്നതിനനുസരിച്ച് സർവീസുകൾ ആരംഭിക്കും. നിലവിൽ ജില്ലയ്ക്കുള്ളിൽ സർവീസുകൾ നടത്തി വരുന്നുണ്ട്.
വേണ്ടത്ര യാത്രക്കാരില്ലാത്തതിനാൽ നഷ്ടത്തിലാണ് സർവീസുകൾ നടത്തുന്നത്. എന്നാൽ എല്ലാ സീറ്റിലും യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാമെന്ന ഇളവ് വന്നതോടെ കൂടുതൽ യാത്രക്കാരെ കയറ്റാമെന്ന ആശ്വാസമാണ്. എന്നിരുന്നാലും പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കുന്നില്ലത്രേ.
എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്താമെന്ന് ഇളവ് വന്നെങ്കിലും കൂട്ടിയ ടിക്കറ്റ് ചാർജ് തന്നെയാണ് പല ബസുകളിലും ഇന്നും വാങ്ങിക്കുന്നത്. ചാർജ് പഴയ നിരക്കിലാക്കിയല്ലോ എന്ന് ചോദിക്കുന്നവരോടു തങ്ങൾക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണു ബസ് ജീവനക്കാരുടെ മറുപടി.
തൃശൂർ-പാലക്കാട് റൂട്ടിലാണ് കൂടുതൽ സ്വകാര്യ ബസുകൾ ഇന്നു മുതൽ സർവീസ് ആരംഭിച്ചത്. എല്ലാ സീറ്റുകളിലും യാത്രക്കാരെ ഇരുത്താമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും യാത്രക്കാരില്ലെന്നു ബസ് ജീവനക്കാർ പറഞ്ഞു. യാത്രക്കാരെ നിർത്തിക്കൊണ്ടു പോകാൻ അനുമതിയില്ലാത്തതും തിരിച്ചടിയാണത്രേ.
ഇതിനാലാണ് കൂട്ടിയ നിരക്കു തന്നെ വാങ്ങിക്കുന്നതെന്നു പറയുന്നു.
ബസ് നിരക്കു കുറച്ചാൽ സർവീസ് നടത്താൻ സാധിക്കാതെ വരുമെന്നാണു ബസുടമകളുടെ നിലപാട്. ഇതു സംബന്ധിച്ച് ഗതാഗതമന്ത്രിയുമായി ചർച്ച നടത്തിയെന്നും ബസുടമകൾ പറഞ്ഞു.
ബസ് ചാർജ് വർധിപ്പിക്കാമെന്ന സൂചനയാണ് മന്ത്രി നൽകിയത്. ഇതിന് ഒരു തീരുമാനം അടുത്തു തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. രണ്ടു ദിവസം സർവീസ് നടത്തിയ ശേഷം ബസ് ചാർജ് കൂട്ടിയില്ലെങ്കിൽ നിർത്തിവയ്ക്കാനും ആലോചനയുണ്ട്.