സ്വന്തംലേഖകന്‍
കോഴിക്കോട്: യാത്രക്കാരുടെ ജീവന് പോലും വിലകല്‍പ്പിക്കാതെ അമിത വേഗതയില്‍ കൊലകൊല്ലികളായി നിരത്തുവാഴുന്ന സ്വകാര്യബസുകളുടെ നിയമലംഘനങ്ങള്‍ക്ക് കടിഞ്ഞാണിട്ട് കമ്മീഷണര്‍ . ലൈസന്‍സില്ലാതെയും യൂണിഫോം ധരിക്കാതേയും നിയമം പരസ്യമായി ലംഘിച്ച് ഓടുന്ന സ്വകാര്യ ബസുകളില്‍ യാത്രക്കാരുടെ പ്രഥമശുശ്രൂഷയ്ക്കായുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്ന ഫസ്റ്റ്എയ്ഡ് ബോക്സ് പോലും ഇല്ലാതെയാണ് റോഡിലിറങ്ങുന്നതെന്നാണ് പോലീസിന്റെ പരിശോധനയില്‍ ബോധ്യമായത്.
സ്വകാര്യ ബസുകളുടെ അമിതവേഗതയ്ക്കും മറ്റു നിയമ ലംഘനങ്ങള്ക്കുരെ സിറ്റി പോലീസ് കമ്മീഷണര്‍ കോറി സഞ്ജയ് കുമാര്‍ ഗുരുദിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ ഇന്നലെ മാത്രം 686 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചു. യൂണിഫോം ധരിക്കാതെ 223 ഡ്രൈവര്‍മാരാണ് വാഹനം ഓടിച്ചത്. ലൈസന്‍സ് ഇല്ലാത്ത അഞ്ചു പേരും ബസ് ഓടിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്ത തൊഴിലാളിയുമായാണ് പല ബസുകളും സര്‍വീസ് നടത്തുന്നത്. ഇത്തരത്തിലുള്ള 25 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. എയര്‍ ഹോണ്‍ ഉപയോഗിച്ചതിന് ആറു പേര്‍ക്കെതിരെയും, അപകടപരമായ മറികടക്കലിന് എട്ടു പേര്‍ക്കെതിരെയുമാണ് നടപടിയെടുത്തത്.
ബസ് സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റാത്തതിന് ഏഴു പേര്‍ക്കെതിരെയും, സീബ്രാ ലൈനിനു മുമ്പായി നിര്‍ത്തിക്കൊടുക്കാത്തതിന് 12 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. സിഗ്നല്‍ ലംഘനവും സ്വകാര്യ ബസുകള്‍ പതിവാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം സിഗ്നല്‍ തെറ്റിച്ചതിന് 20 പേര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്.
സംവരണം ചെയ്ത സീറ്റില്‍ യാത്ര ചെയ്തതിന് എട്ടുപേര്‍ക്കെതിരെയും, ഇടത് വശത്ത് കൂടിയുള്ള മറികടക്കലിന് ഏഴു പേര്‍ക്കെതിരെയും, ഫസ്റ്റ് എയ്ഡ് ബോക്സ് സൂക്ഷിക്കാത്തതിന് ഒരാള്‍ക്കെതിരെയും, അമിതവേഗതയ്ക്ക് 19 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. വാതില്‍ അടക്കാതെ ബസ് ഓടിച്ചതിന് 22 പേര്‍ക്കെതിരേയാണ് നടപടി എടുത്തത്. മറ്റു നിയമ ലംഘനങ്ങള്‍ക്ക് 324 പേര്‍ക്കുമെതിരെയും നടപടി സ്വീകരിച്ചു. തുടര്‍ ദിവസങ്ങളിലും നടപടികള്‍ തുടരുന്നതാണ്.
ലൈസന്‍സില്ലാത്തവരാണ് പല സ്വകാര്യ ബസുകളും ഓടിക്കുന്നതെന്ന് പോലീസിന് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു. ഇതുപ്രകാരം നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പാളയം ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കസബ എസ്ഐ വി.സിജിത്ത് നടത്തിയ അന്വേഷണത്തില്‍ ബസ് ഓടിച്ചിരുന്ന യുവാവിന് ലൈസന്‍സില്ലെന്ന് കണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മാവൂര്‍ -കോഴിക്കോട് റൂട്ടിലെ കെഎല്‍ 11 യു 2124 സിറാജുദ്ദീര് ബസ് ഓടിച്ച കുന്നമംഗലം പെരിങ്ങളം പാറോല്‍ വീട്ടില്‍ മിഥുന്(24), കണ്ടക്ടര്‍ വേലായുധന്, ബസ് ജീവനക്കാരനായ ഷിബിന്‍, ചെക്കര്‍ നജീബ് റഹ്മാന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.