പത്തനംതിട്ട: ലോക്ക്ഡൗണ്‍ കാരണം പൂര്‍ണമായി ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് ജിവനക്കാര്‍. 12,500 സ്വകാര്യ ബസുകളിലായി അരലക്ഷത്തോളം ജീവനക്കാര്‍ പണിയെടുക്കുന്നതായാണ് പ്രാഥമിക വിവരം.
സംസ്ഥാനത്തു കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ പട്ടിണിയിലായതാണ് സ്വകാര്യബസ് മേഖല. മാര്‍ച്ച് പകുതിയോടെ തന്നെ ഭൂരിഭാഗം ബസുകളും ഷെഡില്‍ കയറിയിരുന്നു.
കോവിഡ് ഭീതി കാരണം നിരത്തുകളില്‍ ആളൊഴിഞ്ഞതോടെ ബസുകള്‍ നഷ്ടത്തിലായി. വരുമാനക്കുറവ് കാരണം മാര്‍ച്ച് പകുതിയോടെ സ്വകാര്യബസുകള്‍ ഓട്ടം നിര്‍ത്തി. പിന്നാലെ ലോക്ക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ സമ്പൂര്‍ണ സ്തംഭനവുമായി.
ഒരു മാസത്തിലേറെയായി വരുമാനമൊന്നുമില്ലാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യബസ് ജീവനക്കാരും അവരുടെ കുടുംബങ്ങളും.
ലോക്ക്ഡൗണ്‍ കാരണം ബുദ്ധിമുട്ടിലായ തൊഴിലാളികള്‍ക്ക് 5,000 രൂപയുടെ സാമ്പത്തിക സഹായം ക്ഷേമനിധിയില്‍ നിന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തൊഴിലാളികളില്‍ നല്ലൊരു ശതമാനവും ക്ഷേമനിധി അംഗങ്ങളല്ല.
സ്വകാര്യ ബസ് മേഖല അടുത്തകാലത്തായി വന്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ തൊഴിലാളികള്‍ക്കു സ്ഥിരം ജോലി സാധ്യമല്ലെന്നു കണ്ടതോടെയാണ് ക്ഷേമനിധിയിലേക്ക് പണം അടയ്ക്കാന്‍ പലരും വിമുഖത കാട്ടിയത്. വായ്പയെടുത്ത് ബസുകള്‍ വാങ്ങി ഓടിച്ചിരുന്ന ഉടമകളും പ്രതിസന്ധിയിലായി.
രണ്ടോ മൂന്നോ പേര് ചേര്‍ന്ന് പണം വായ്പയെടുത്ത് സ്വകാര്യബസ് വ്യവസായം നടത്തിയവരുമുണ്ട്. ഇവരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം ബാധകമാകുമോയെന്ന സംശയമുണ്ട്. പലരുടെയും വായ്പ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ മുഖേനയുമാണ്.
ആഴ്ചകളായി ഓടാതെ കിടക്കുന്ന ബസുകള്‍ ഇനി നിരത്തിലിറക്കണമെങ്കിലും പണച്ചെലവ് ഉണ്ട്. എന്ജിന് സ്റ്റാര്ട്ടാകണമെങ്കിലും ബാറ്ററി നന്നാക്കുന്നതിനുമൊക്കെ പണം കണ്ടെത്തണം.
ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും ഘട്ടംഘട്ടമായേ തിരക്ക് ഉണ്ടാകാനിടയുള്ളൂ. ഇക്കാലയളവില്‍ ഓടിയാല്‍ നഷ്ടത്തിനു മുകളില്‍ നഷ്ടമായിരിക്കുമെന്ന ആശങ്കയും ഉടമകള്‍ക്കുണ്ട്.