കായംകുളം: കായംകുളത്തെ ജനങ്ങളുടെ ചിരകാല അഭിലാഷമായ സെൻട്രൽ പ്രൈവറ്റ് ബസ്റ്റാന്റ് നിർമിക്കുന്നതിനായി എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണ നേതൃത്വം സ്ഥലം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്പോൾ ഇത് നടപ്പിലാക്കാതിരിക്കാനുള്ള സമരാഭാസമാണ് യുഡിഎഫ് നടത്തുന്നതെന്ന് സിപിഐ കായംകുളം മണ്ഡലം സെക്രട്ടറി എ.എ റഹീം പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കഴിഞ്ഞ പതിനഞ്ച് വർഷക്കാലം പതിനഞ്ച് കൗണ്‍സിലർമാരെ സൃഷ്ടിക്കുക മാത്രമാണ് യുഡിഎഫ് ചെയ്തത്. നഗര വികസനത്തിലായിരുന്നില്ല യുഡിഎഫിന്റെ ശ്രദ്ധ. എന്നാൽ എൽഡിഎഫ് നഗര വികസനവുമായി മുന്നോട്ട് പോകുന്പോൾ അത് അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
സെൻട്രൽ പ്രൈവറ്റ് ബസ്റ്റാൻഡ് സ്ഥലമേറ്റെടുക്കലുമായി എൽഡിഎഫ് ഭരണം മുന്നോട്ട് പോകും. വികസനത്തെ അട്ടിമറിക്കുന്ന യുഡിഎഫ് നിലപാടിനെ നേരിടാൻ എൽഡിഎഫിന് പ്രാപ്തിയുണ്ട്. യുഡിഎഫിന്റെ സമരാഭാസത്തിനെതിരെ ശക്തമായ സമരപരിപാടികൾ 22 ന് ആരംഭിക്കുമെന്നും എ.എ റഹീം പറഞ്ഞു.