ആലപ്പുഴ: എവിടെയൊക്കെ ആൾക്കാർ നിൽക്കുന്നുവോ അവിടെയൊക്കെ ബസ് നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്ന രീതി അവസാനിപ്പിച്ചില്ലെങ്കിൽ പട്ടണത്തിലെ ഗതാഗതക്കുരുക്കുകൾക്ക് അവസാനമുണ്ടാകില്ലെന്നു ട്രാഫിക് പോലീസ് അധികൃതർ. പാലങ്ങളുടെയും ജംഗ്ഷനുകളുടെയും നൂറുമീറ്റർ മാറി വേണം ബസ് സ്റ്റോപ്പ് എന്നാണ് ചട്ടം. റോഡിൽ മാർഗതടസമുണ്ടാകുന്ന രീതിയിലുള്ള തട്ടുകടകളും വഴിവാണിഭവും നിയമവിരുദ്ധമാണ്.
റോഡിലെ അനധികൃത കച്ചവട കേന്ദ്രങ്ങളിലെത്തുന്ന വാഹനങ്ങളും ആൾക്കാരും റോഡിൽ നിരക്കുന്നതിനാൽ അപകടസാധ്യതയും ഏറെയാണ്. നിർദേശം അനുസരിക്കാത്ത ഡ്രൈവർമാരിൽ നിന്നു പിഴയീടാക്കുമെന്നും ലൈസൻസും ബാഡ്ജും ഇല്ലാത്തവരെ ബസുകളിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
പട്ടണത്തിലെ ബസുകളുടെ അനധികൃത സ്റ്റോപ്പ് മൂലമുള്ള ഗതാഗത തടസം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ പോലീസിൽ സമർപ്പിച്ചിട്ടുള്ള നിവേദനങ്ങൾ പരിഗണിച്ച് നടപടികൾ സ്വീകരിക്കാൻ ട്രാഫിക് എസ്ഐയെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.
ജംഗ്ഷനുകളുടെ വളവുകളിലും പാലങ്ങളുടെ കയറ്റിയിറക്കങ്ങളിലും അധികൃത സ്റ്റോപ്പുകൾ ഇല്ലാത്തയിടത്ത് ബസുകൾ സദാ അനധികൃതമായി നിർത്തിയിട്ട് യാത്രക്കാരെ കയറ്റിയിറക്കി തടസമുണ്ടാക്കുന്നതിനാൽ പിന്നാലെ എത്തുന്ന വാഹനങ്ങൾക്കു മുന്നോട്ടു പോകാനാകാതെയും എതിരെ വരുന്നവയ്ക്കു ഇടമില്ലാതെയും എല്ലായിടത്തും സദാ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി ടിആർഎ വിശദീകരിച്ചിരുന്നു.വാഹനഗതാഗതവും കാൽനടയാത്രയും സുഗമമാക്കാനുള്ള സ്ഥിരം പരിഹാര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.