കോഴിക്കോട്: ഇന്ധനവിലയില്‍ നേരിയ കുറവ് വരുത്തിയത് ആശ്വാസകരമല്ലെന്ന് ബസുടമകള്‍ . ഇന്ധനവില കുറച്ചുവെന്ന കാരണത്താല്‍ സര്‍വീസ് നിര്‍ത്തുമെന്ന് വ്യക്തമാക്കി ആര്‍ടി ഓഫീസര്‍മാര്‍ക്ക് നല്കിയ സ്റ്റോപ്പേജ് അപേക്ഷ പിന്‍വലിക്കാന്‍ ബസുടമകള്‍ തയാറല്ല.
വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സ്റ്റോപ്പേജ് അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുകയാണ് ബസുടമകള്‍. നിരക്ക് വര്‍ധന മാര്‍ച്ച് ഒന്നു മുതല്‍ വര്‍ധിപ്പിച്ചതിനു ശേഷം 19 രൂപയോളമാണ് ഒരു ലിറ്റര്‍ ഡീസലിന് കൂടിയത്. 19 രൂപ കൂടിയതില്‍ നിന്നാണിപ്പോള്‍ 2.50 രൂപ കുറച്ചത്. ഇപ്രകാരം നേരിയ കുറവ് വരുത്തിയത് ബസുടമകള്‍ക്ക് ആശ്വാസകരമല്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ലോറന്‍സ്ബാബു പറഞ്ഞു.
ഇപ്പോള്‍ ഇന്ധനവിലയില്‍ 2.50 രൂപ കുറച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ്. ജനങ്ങളുടെ കണ്ണില്പൊടിയിടാനാണിത്. വിലകുറച്ചത് സ്ഥിരം സംവിധാനമായല്ല. അടുത്ത ദിവസങ്ങളിലായി കുറച്ച നിരക്ക് കൂടും. എന്നാല്‍ താത്കാലികമായെങ്കിലും കേന്ദ്രസര്‍ക്കാറും എണ്ണ കമ്പനികളും വിലകുറച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ വിലകുറയ്ക്കാത്തത് അനീതിയാണെന്നും ലോറന്‍സ്ബാബു പറഞ്ഞു.
സംസ്ഥാനത്ത് 12,000 ഓളം സ്വകാര്യ ബസുകളാണിപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇതിലുള്‍പ്പെടുന്ന 3000 ബസുകള്‍ സ്റ്റോപ്പേജ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മാത്രം 200 ഓളം ബസുകള്‍ സര്‍വീസ് നിര്ത്തിവയ്ക്കുകയാണെന്നറിയിച്ച് സ്റ്റോപ്പേജ് നല്‍കിയിട്ടുണ്ട്. ഒരു ലിറ്റര്‍ ഡീസലിന് 62 രൂപയുള്ളപ്പോഴാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ ഡീസല്‍ വില 80 രൂപയിലധികം വര്‍ധിച്ചു. ഒരു ദിവസം 2000 രൂപയില്‍ കൂടുതല്‍ ഡീസല്‍ ചെലവില്‍ മാത്രം അധികമായി വരുന്നുണ്ട്.
സ്റ്റോപ്പേജ് നടപടികള്‍ സ്വീകരിക്കുന്നതിനു പുറമേ പലസ്വകാര്യ ബസുടമകളും പെര്‍മിറ്റ് സറണ്ടര്‍ ചെയ്യുന്നുണ്ട്. 2008ല്‍ 34,000 ബസുകളായിരുന്നു സംസ്ഥാനത്ത് സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ 12,000 ആയി ചുരുങ്ങി. മൂന്നുമാസം മുമ്പ് 12,500 ബസുകളുണ്ടായിരുന്നതില് 500 ബസുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല. ശരാശരി ഒരു ദിവസം 80 ലിറ്റര്‍ ഡീസലാണ് ആവശ്യമായുള്ളത്.
നികുതി ഇനത്തില്‍ മാത്രം ഒരു വര്‍ഷം ഒരു ബസ് 1,20,000 രൂപയോളം നല്‍കേണ്ടതായി വരുന്നുണ്ട്. മൂന്നു മാസം കൂടമ്പോള്‍ 24,000 മുതല്‍ 34,000 രൂപവരെയാണ് നികുതി അടയ്ക്കുന്നത്. ഇതിനു പുറമേ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് തുകയായി 60,000 രൂപയും അടയ്ക്കണം. ഈ ചെലവുകള്‍ക്ക് പുറമേയാണ് തൊഴിലാളികളുടെ കൂലിയും നല്‍കേണ്ടത്. ഇപ്പോഴുള്ള പ്രതിസന്ധി മാറണമെങ്കില്‍ ഡീസലിന് സബ്സിഡി അനുവദിക്കുകയാണ് വേണ്ടെതെന്നും ബസുടമകള്‍ വ്യക്തമാക്കി.