സ്വന്തം ലേഖകന്‍
കോഴിക്കോട്: ജനത്തെ ബുദ്ധിമുട്ടിലാക്കി സ്വകാര്യ ബസുകളുടെ സൂചനാപണിമുടക്ക് ഇന്നു നടക്കുമ്പോൾ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. വിഷയം മുന്‍പ് ചര്‍ച്ച ചെയ്തുകഴിഞ്ഞതാണെന്നും സീറ്റ് ബെല്‍റ്റിന്റെയും കാമറയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം ഗതാഗതമന്ത്രി തന്നെ നേരിട്ട് ബസുടമകളോട് വ്യക്തമാക്കികഴിഞ്ഞു.
കാമറയും സീറ്റ് ബെല്‍റ്റും ബസുകളില്‍ ഘടിപ്പിക്കുന്നതില്‍ കൂടുതല്‍ സമയം വേണമെന്ന ബസുടമകളുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിന് മുന്‍പുതന്നെ ബസുടമകള്‍ ആവശ്യപ്പെട്ടതനുസരിച്ച് സമയം ഏറെ നല്‍കിയതാണെന്നുമാണ് മന്ത്രി പറയുന്നത്.
നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷനില്‍ മാത്രമാണ് എന്തെങ്കിലും നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാനുള്ള സാധ്യതയുള്ളത്. അതാകട്ടെ പെട്ടെന്ന് നടപ്പിലാക്കാന്‍ കഴിയുകയുമില്ല. വിദ്യാര്‍ഥിസംഘടനകളുമായുള്ള ചര്‍ച്ചയ്ക്കുശേഷമേ തീരുമാനമുണ്ടാകൂ എന്നുറപ്പാണ്. കണ്സഷന് കാര്യത്തില്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷ ബസുടമകള്‍ക്കും ഉള്ളു.
പൊതുവേ അമിത വേഗതയും അപകടങ്ങള്‍ കൂടിയതും മൂലം സീറ്റ് ബെല്‍റ്റ്, കാമറ വിഷയങ്ങളില്‍നിന്നു സര്‍ക്കാരിന് പിന്നോട്ടുപോകാനാകില്ല. കൂടുതല്‍ സമയം നല്കിയതുകൊണ്ട് എന്ത് കാര്യമെന്നാണ് ഉയരുന്ന ചോദ്യം. ഇതോടൊപ്പംതന്നെ കഴിഞ്ഞ ദിവസം ബസ് ജീവനക്കാന് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ മിന്നല്‍ പണിമുടക്കും സര്‍ക്കാരും ബസുടമകളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുണ്ടാക്കിയിട്ടുണ്ട്.
പോലീസ് കാര്യങ്ങള്‍ അന്വേഷിക്കാതെ ജീവനക്കാരെ കേസില്‍ ഉള്‍പ്പെടുത്തുന്നുവെന്നാണ് ബസുടമകളുടെ ആരോപണം. മിന്നല്‍ പണിമുടക്ക് നടത്തരുതെന്ന് മുന്‍പ് സര്‍ക്കാര്‍ തലത്തില്‍തന്നെ ബസുടമകള്‍ക്കും ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയതാണ്.
സ്ഥിരമായി ബസിനെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതിനാലായിരുന്നു ഇത്. എന്നാല്‍ ഇപ്പോഴും മിന്നല്‍പണിമുടക്ക് തുടരുന്നത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കമായാണ് സര്‍ക്കാര്‍ കാണുന്നത്.
അതേസമയം, ഇന്നലെ തലശേരിയിലുണ്ടായ മിന്നല്‍ പണിമുടക്ക് സഹപ്രവര്‍ത്തകരെ കേസില്‍ കുടുക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരായ വികാരപ്രകടനമാണെന്നും തങ്ങള്ക്കൊന്നുമറിയില്ലെന്നുമാണ് ബസ് ഉടമകള്‍ പറയുന്നത്.