സ്വന്തം ലേഖകൻ
തൃശൂർ: തകർന്നു തരിപ്പണമായ റോഡുകളും കുതിച്ചുയരുന്ന ഇന്ധനവിലയും മൂലം സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നു. ഒരു തരത്തിലും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ബസുകൾ സർവീസ് അവസാനിപ്പിക്കുന്നതെന്ന് ഉടമകൾ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ പ്രളയദുരിതം അനുഭവിക്കുന്നതുകൊണ്ടാണ് ഘട്ടം ഘട്ടമായി സർവീസുകൾ നിർത്തുന്നത്. സംസ്ഥാനവ്യാപകമായ സമരംപോലും വേണ്ടെന്നുവച്ചിരിക്കുന്നത് ജനങ്ങളെ പ്രളയക്കെടുതിക്കൊപ്പം ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണെന്ന് ഉടമകൾ വ്യക്തമാക്കി.
എന്റെ ബസിന് സർവീസ് നടത്താൻ പറ്റാത്ത സ്ഥിതിയാണ് എന്ന് ആർടിഒയ്ക്ക് അപേക്ഷ നൽകി മോട്ടോർ വാഹന വകുപ്പിൽ നിന്നും ജി ഫോം വാങ്ങുന്ന ബസുടമകളുടെ എണ്ണം വളരെ കൂടുതലായിട്ടുണ്ട്. ജി ഫോം ലഭിച്ചാൽ ബസുടമയ്ക്ക് റോഡ് ടാക്സ് നൽകേണ്ടി വരില്ല. മൂന്നു മാസത്തേക്കും ആറു മാസത്തേക്കുമെല്ലാം കാലാവധി നൽകി ജി ഫോം വാങ്ങുന്നവരുണ്ട്.
ജി ഫോം വാങ്ങി ബസുകൾ നിർത്തിയിടാനുള്ള തീരുമാനം മിക്ക ബസുടമകളും കൈക്കൊണ്ടിട്ടുണ്ട്. ബസ് തൊഴിലാളികളും കടുത്ത സമ്മർദ്ദത്തിലാണ്. തകർന്ന റോഡിലൂടെ ബസോടിക്കുന്നതും സമയക്രമം പാലിക്കണമെന്നതും, പോലീസ് – മോട്ടോർ വാഹന വകുപ്പ് പരിശോധനകളും നിയന്ത്രണങ്ങളുമെല്ലാം ബസ് ജീവനക്കാരേയും സമ്മർദ്ദത്തിലാഴ്ത്തുന്നുണ്ട്.
ബസുകൾ കയറ്റിയിടാനുള്ള തീരുമാനത്തോട് തൊഴിലാളി യൂണിയനുകളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ബസുടമകളുടെ സാന്പത്തിക സ്ഥിതി നന്നായി അറിയാവുന്ന തൊഴിലാളികളും യൂണിയനുകളും എതിർപ്പ് പ്രകടിപ്പിക്കില്ലെന്നാണ് ഉടമകളുടെ വിശ്വാസം. 1500ലധികം പേർ ഇത്തരത്തിൽ ജി ഫോം വാങ്ങിക്കഴിഞ്ഞു. കൂടുതൽ പേർ വാങ്ങാനിരിക്കുന്നുവെന്നാണ് പറയുന്നത്.
പതിനഞ്ചുവർഷം ലൈഫ് ടൈം പൂർത്തിയാക്കിയ ബസുകൾ സർവീസ് അവസാനിപ്പിക്കണമെന്നതിനാൽ അതും സ്വകാര്യ ബസ് മേഖലയിൽ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. ലൈഫ് ടൈം വർധിപ്പിക്കണമെന്ന ആവശ്യവും ബസ് ഉടമകൾ മുന്നോട്ടു വെക്കുന്നുണ്ട്. എട്ടും പത്തും ലക്ഷം രൂപയ്ക്ക് ബസ് വാങ്ങിയിരുന്ന കാലത്താണ് ലൈഫ് ടൈം അഥവാ ഒരു ബസിന്റെ പ്രായപരിധി 15 വർഷമായി നിശ്ചയിച്ചിരുന്നതെന്നും എന്നാൽ ഇന്ന് 30 ലക്ഷത്തിനു മുകളിൽ മുടക്കി വാങ്ങുന്ന ബസിന് ലൈഫ് ടൈം 15 വർഷം പോരെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
ഇന്ധനവില കുറയ്ക്കാൻ നടപടികളില്ലാത്തതും ബസ് ചാർജ് വർധനവ് പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് മേൽ ഇപ്പോൾ അടിച്ചേൽപ്പിക്കുന്നത് നല്ല കാര്യമല്ലാത്തതുകൊണ്ടും സർവീസുകൾ നിർത്തിവയ്ക്കുന്നതാണ് മെച്ചമെന്ന് ഉടമകൾ പറയുന്നു.
പൂർണമായ സ്തംഭനം ഉണ്ടാകില്ലെങ്കിലും മൂന്നിലൊന്ന് ബസുകളെങ്കിലും ഷെഡിൽ കയറുമെന്നാണ് ഇപ്പോഴത്തെ സൂചനകൾ. റോഡ് നികുതി ലഭിക്കില്ലെന്നതുകൊണ്ട് സർക്കാരിനും ഇത് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുക. എന്നാൽ ജി ഫോം വാങ്ങി ബസ് സർവീസ് അവസാനിപ്പിക്കാനുള്ള അവകാശം ബസുടമകൾക്കുള്ളതിനാൽ ഇതിനെ എതിർക്കാനും സർക്കാരിന് കഴിയില്ല.
സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ലെങ്കിൽ അത് കേരളത്തിന്റെ പൊതുസമൂഹത്തെ പ്രതികൂലമായി ബാധിക്കും. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ബസുടമകൾ അടുത്തുതന്നെ വിശദമായ യോഗം ചേരും.