വടക്കഞ്ചേരി: ഗോവിന്ദാപുരം-തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന നൂറോളം സ്വകാര്യബസുകൾ സർവീസ് നിർത്തിവെക്കണമെന്ന് ചൂണ്ടിക്കാട്ടി ബസ് ഉടമ സംഘടനകൾ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർക്ക് അനിശ്ചിതകാല സമരനോട്ടീസ് നൽകി. പെർമിറ്റും ടൈം ഷീറ്റും ഇല്ലാത്ത റൂട്ടിൽ പുതിയതായി ആരംഭിച്ച കെ എസ് ആർടി സി യുടെ ചെയിൻ സർവീസുകൾ തോന്നുംമട്ടിൽ ഓടുന്നതിനെതിരെയാണ് സ്വകാര്യബസുകൾ സമരത്തിനൊരുങ്ങുന്നത്.
ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ, ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. രവീന്ദ്രകുമാർ, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ പ്രസിഡന്റ് കെ.ഐ ബഷീർ എന്നിവർ സംയുക്തമായാണ് കളക്ടർ ഉൾപ്പടെ എഡിഎം, ആർടിഒ എന്നിവർക്ക് സമരനോട്ടീസ് നൽകിയിട്ടുള്ളത്.
പെർമിറ്റും സമയക്ലിപ്തതയും ഉറപ്പുവരുത്തി കെ എസ് ആർ ടി സി ബസുകൾ ഓടിക്കാൻ നടപടി ഉണ്ടാകണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം.
കെ എസ് ആർ ടി സി ബസുകൾ തോന്നും മട്ടിൽ പായുന്നതിനാൽ വിദ്യാർഥികൾ മാത്രമാണ് യാത്രക്കാരായുള്ളതെന്നും ഡീസലിന്റെ വലിയ വിലവർധനയും മറ്റു പ്രവർത്തന ചെലവുകളുടെ ആധിക്യവും ബസ് സർവീസ് നിലനിർത്തികൊണ്ട് പോകാൻതന്നെ ഏറെ കഷ്ടപ്പെടുകയാണെന്ന് ബസ് ഉടമ നേതാക്കൾ ഉറപ്പിച്ചു പറയുന്നു. തൃശൂർ-ഗോവിന്ദാപുരം റൂട്ടിൽ അറുപതിൽപരം പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
ഇതിലെ 60,000 ൽ പരം വിദ്യാർഥികളിൽ 80 ശതമാനംപേരും യാത്രക്കാരായി സ്വകാര്യബസുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ കെ എസ് ആർ ടി സി ബസുകൾ വിദ്യാർഥികളെ കയറ്റുന്നില്ല. സ്വകാര്യ ബസുകളുടെ കണ്സഷൻ നിരക്കിൽതന്നെ കെ എസ് ആർ ടി സിയും വിദ്യാർഥികളെ ബസിൽ കയറ്റികൊണ്ട് പോകാൻ ആവശ്യമായ നടപടി ഉണ്ടാകണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.