കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ചു കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ രാവിലെ ജില്ലാ കളക്ടറേറ്റിലേക്കു മാർച്ചും ധർണയും നടക്കും. 13ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കു മാർച്ചും ധർണയും നടത്തും.
തുടർന്നാണ് 20നു സംസ്ഥാന വ്യാപകമായി സർവീസുകൾ നിർത്തിവച്ചു സൂചനാ പണിമുടക്ക് നടത്തുന്നത്. പിന്നീടും പ്രശ്നങ്ങൾക്കു പരിഹാരമുണ്ടായില്ലെങ്കിൽ 21ന് അസോസിയേഷന്റെ നേതൃത്വത്തിൽ യോഗം ചേർന്നു ഭാവി പരിപാടികൾ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ധനവില, ചേസിസ്, ഇൻഷ്വറൻസ് പ്രീമിയം, സ്പെയർപാർട്സ്, ജീവനക്കാരുടെ വേതനം, ടയർ ലൂബ്രിക്കന്റ്സ് എന്നിവയുടെ അമിതവിലവർധന മൂലം ബസ് വ്യവസായം കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്.
2018ൽ ബസ് ചാർജ് വർധിപ്പിക്കുന്പോൾ ലിറ്ററിന് 64രൂപയായിരുന്ന ഡീസലിന് 71രൂപയായി ഉയർന്നു. 34,000ത്തോളം സ്വകാര്യബസുകൾ 12500 ആയികുറഞ്ഞു. സ്വകാര്യബസുകൾ സർവീസ് നടത്തിയിരുന്ന മിക്ക മേഖലകളിലൂം കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിച്ചതും വരുമാനത്തെ ബാധിച്ചുവെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
കെഎസ്ആർടിസിയുടെ കടന്നുകയറ്റം ഒഴിവാക്കി പൊതുമേഖലയും സ്വകാര്യ മേഖലയും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന വിധത്തിൽ ഗതാഗത നയം രൂപീകരിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾപ്പെടെ ബസ് ചാർജ് വർധിപ്പിക്കുക, സ്വകാര്യ ബസുകളിലേതു പോലെ കെഎസ്ആർടിസി ബസുകളിലും വിദ്യാർഥികൾക്കു യാത്രാസൗജന്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു മാർച്ചും ധർണയും സംഘടിപ്പിച്ചിരിക്കുന്നത്.