വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടം പള്ളിപ്പടി സ്റ്റോപ്പിൽ വിദ്യാർഥികളെ കയറ്റാതെ പറക്കുന്ന സ്വകാര്യബസുകൾക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തം. സ്റ്റോപ്പിൽ സ്കൂൾ കുട്ടികളെ കണ്ടാൽ വേഗതകൂട്ടി സ്പീഡ് ട്രാക്കിലൂടെയാണ് ബസുകൾ പോകുക. യാത്രക്കാർ ഇറങ്ങാനുണ്ടെങ്കിൽ പുറകോട്ട് നീക്കിയോ മുന്നോട്ടു കുറെ പോയോ ആണ് ബസ് നിർത്തുക. ഇതിനിടെ കുട്ടികൾ ഓടി ബസിനടുത്തെത്തിയാൽ കയറും മുന്പേ വിസിലടിച്ച് ബസ് വിടും.
ഈ സമയം കന്പിയിൽ പിടികിട്ടാത്ത കുട്ടികൾ റോഡിൽ വീഴും. ഇത്തരം അപകടങ്ങൾ ഇവിടെ പതിവാണ്. ബസ് കയറാൻ വരുന്ന കുട്ടികൾ വരിയായി നിന്ന് പത്തോ പതിനഞ്ചോ പേർ മാത്രമേ ഒരു ബസിൽ കയറൂ. രണ്ടോ മൂന്നോ സ്റ്റോപ്പിൽ ഇറങ്ങേണ്ട കുട്ടികൾ ഒന്നിച്ചുകയറുന്നതിനാൽ കുട്ടികളെ ഇറക്കിവിടാൻ സമയനഷ്ടവും വരുന്നില്ല.
രണ്ടോ മൂന്നോ മിനിറ്റ് ഇടവിട്ട് പാലക്കാട്- തൃശൂർ റൂട്ടിൽ ബസുകളുള്ളതിനാൽ സ്കൂൾ സമയത്ത് ഏതാനും ബസുകൾ സ്റ്റോപ്പിൽ നിർത്തിയാൽ തന്നെ അരമണിക്കൂറിനുള്ളിൽ എല്ലാ കുട്ടികൾക്കും പോകാനുമാകും. എന്നാൽ സ്ഥിരമായി വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസുകൾ ധാരാളമുണ്ട്. ഈ ബസുകളുടെ പേരും നന്പറും കുറിച്ച് നൽകിയാലും പോലീസ് നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
രണ്ട് മൂന്ന് ബസുകൾക്കെതിരെ നടപടിയുണ്ടായാൽ വിദ്യാർഥികളുടെ യാത്രാപ്രശ്നവും അവസാനിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. പന്തലാംപാടം പള്ളിപ്പടിയിൽ മുഴുവൻ ബസുകൾക്കും സ്റ്റോപ്പ് അനുവദിച്ച് 1997 ൽ റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ ഉത്തരവുള്ളതാണ്. എന്നാൽ ഇതിന് പുല്ലുവില കല്പിച്ചാണ് ബസുകളുടെ പാച്ചിൽ.
ആഴ്ചകൾക്കു മുന്പ് അഞ്ചുമൂർത്തിമംഗലത്ത് വലിയ ബസപകടം ഉണ്ടായപ്പോൾ ദേശീയപാതയിൽ ബസുകൾ നിർത്തുന്നത് കർശനമായി നിരോധിച്ചിരുന്നതാണ്. എന്നാൽ ഇത് ലംഘിച്ചും ബസുകൾ നടുറോഡിലാണ് നിർത്തുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന ബസ് പെട്ടെന്ന് റോഡിൽതന്നെ നിർത്തുന്പോൾ പുറകെ വേഗതയിൽ വരുന്ന വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ ദുരന്തവും സംഭവിക്കും. ബസ് നിർത്താൻ ബസ്ബേ ഇല്ലാത്തതും അപകടകാരണമാകുന്നുണ്ട്.