ഒറ്റപ്പാലം: ബസ് ജീവനക്കാരെപറ്റി പരാതി പ്രളയം രൂക്ഷമായി. വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ ഗതാഗത നോഡൽ ഓഫീസർമാരെ നിയോഗിക്കുന്ന നടപടിക്കു താലൂക്കിൽ തുടക്കമായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് നോഡൽ ഓഫീസർമാരുടെ പ്രവർത്തനം.
അധ്യാപകൻമാരെയാണ് ഇതിനായി നിയോഗിക്കുന്നത്. ആരെയാണ് നോഡൽ ഓഫീസറാക്കേണ്ടതാണെന്ന് തീരുമാനിച്ച് സ്ഥാപനത്തിന്റെ മേലധികാരികൾ തന്നെയാണ് ആർടിഒ ഓഫീസിൽ അറിയിക്കുന്നത്.ഒറ്റപ്പാലത്ത് ബസ് തൊഴിലാളികളും യാത്രക്കാരും തമ്മിൽ പ്രശ്നങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച നടപടി വേഗത്തിലാക്കുന്നത്.
പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നോഡൽ ഓഫീസർമാരെയും നിയോഗിക്കണമെന്നാണ് നിർദശം. വിദ്യാർഥികൾ അവരുടെ യാത്രാപ്രശ്നങ്ങൾ നോഡൽ ഓഫീസർമാരെ അറിയിക്കുകയും ഓഫീസർമാർ വിവരം മോട്ടോർ വാഹനവകുപ്പ് അധികൃതരെ അറിയിക്കുകയുമാണ് ചെയ്യുക.
നോഡൽ ഓഫീസർമാർക്കായി ആർടിഒയുടെ നേതൃത്വത്തിൽ പരിശീലന ക്ലാസും നടത്തും. അതത് സ്ഥാപനമേധാവികളുടെ ഉത്തരവും തിരിച്ചറിയൽ കാർഡും ഉൾപ്പെടെയുള്ള രേഖകൾ വഴിയാണ്. നോഡൽ ഓഫീസർമാരെ തിരിച്ചറിയാൻ ആർടിഒ അധികൃതർക്ക് മാർഗമുള്ളത് വാട്സ് അപ്പ് നന്പർ വഴിയും നേരിട്ടുമാണ്. ഫോണ്വഴി നിരവധി പരാതികളാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർക്ക് ലഭിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നു ബസ് തൊഴിലാളികൾക്കെതിരേ അധികൃതർ നടപടിയെടുത്തിരുന്നു.അതേസമയം വിദ്യാർഥികളും മുതിർന്നവരുമടക്കം ആർക്കും യാത്രാസൗകര്യം ഒരു കാരണവശാലും നിഷേധിക്കരുതെന്നും മാന്യമായി മാത്രമേ യാത്രക്കാരോട് പെരുമാറാവൂവെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ബന്ധപ്പെട്ടവർക്ക് നിർദേശം നല്കി. മറിച്ചു പ്രവർത്തിക്കുന്നവർ സംഘടനാതലത്തിൽ നടപടി നേരിടേണ്ടിവരും.
ഒറ്റപ്പാലത്ത് യാത്രക്കാരും ബസ് തൊഴിലാളികളും തമ്മിലുള്ള പ്രശ്നങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അസോസിയേഷൻ താലൂക്ക് കമ്മിറ്റി അറിയിച്ചു.പണമില്ലാത്തതിന്റെ പേരിലാണെങ്കിലും വഴിയിൽ ഇറക്കിവിട്ടാൽ അതിനു ഉത്തരവാദിയായ ജീവനക്കാരനെ ജോലിയിൽനിന്നും ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. പ്രത്യേക യാത്രാ ഇളവുകൾക്ക് അർഹരായവർക്ക് തിരിച്ചറിയൽ കാർഡുകൾ കരുതണം.
വിദ്യാർഥികൾക്ക് യാത്രാ ഇളവു നല്കണമെങ്കിൽ ആർടിഒ അംഗീകരിച്ച കാർഡുകൾ ആവശ്യപ്പെടും.തിരിച്ചറിയൽ കാർഡല്ല ഉപയോഗിക്കുന്നതെന്നും മറ്റു കാർഡുകൾ ഇതിനു ഉപയോഗിക്കുന്നത് അനുവദിക്കേണ്ടതില്ലെന്നുമാണ് ഇവരുടെ തീരുമാനം. ഒറ്റപ്പാലത്ത് കഴിഞ്ഞ ദിവസങ്ങളിലായി അഞ്ചു ബസുകൾക്കെതിരേ അധികൃതർ നടപടിയെടുത്ത സാഹചര്യത്തിലാണ് ഒറ്റപ്പാലം താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മേൽപറഞ്ഞ തീരുമാനമെടുത്തത്.