തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് യാത്ര നിഷേധിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവറെ കല്ലന്പലം പോലീസ് അറസ്റ്റ് ചെയ്തു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. വർക്കല–കല്ലന്പലം റൂട്ടിൽ സർവീസ് നടത്തുന്ന കാർത്തിക ബസ്സിന്റെ ഡ്രൈവർ അഖിൽ (31) നെയാണ് കല്ലന്പലം സിഐ. അനൂപ് ചന്ദ്രൻ, എസ്ഐമാരായ വിനോദ്, ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥികളെ സ്വകാര്യ ബസ്സുകളിൽ കയറ്റുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ്സ് ഡ്രൈവർമാരോടും ജീവനക്കാരോടും വിദ്യാർഥികൾക്ക് യാത്ര അനുവദിക്കണമെന്ന് പോലീസ് താക്കീത് നൽകിയിരുന്നു. എന്നാൽ സ്വകാര്യ ബസ് ഡ്രൈവർമാരും ജീവനക്കാരും പോലീസിന്റെ നിർദേശം അവഗണിക്കുന്നതായി വിദ്യാർഥികളും രക്ഷിതാക്കളും ഇന്ന് വീണ്ടും പരാതി നൽകിയതിനെ തുടർന്ന് കല്ലന്പലം സിഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.
തുടർന്ന് വിദ്യാർഥികളെ കയറ്റാതെ പോയ കാർത്തിക ബസ്സിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസ്സിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് കല്ലന്പലം പോലീസ് വ്യക്തമാക്കി. സ്വകാര്യ ബസ്സുകളിൽ സ്കൂൾ കോളജ് വിദ്യാർത്ഥികൾക്ക് യാത്ര നിഷേധിക്കുകയും, കണ്സഷൻ അനുവദിക്കാതെയും വിദ്യാർത്ഥികളെ ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ നിരന്തരം വർധിച്ച് വരികയാണ്.