പോത്താനിക്കാട്: വിദ്യാർഥികളോട് സ്വകാര്യ ബസുകളുടെ അവഗണന തുടർക്കഥയായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമാകുന്നു. കാളിയാർ-മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് വിദ്യാർഥികളെ കയറ്റുവാൻ മടികാണിക്കുന്നത്.
രാവിലേയും വൈകുന്നേരവും സ്കൂൾ സമയങ്ങളിൽ സ്റ്റോപ്പിൽ വിദ്യാർഥികളെ കണ്ടാൽ പാഞ്ഞു പോവുകയാണ് പതിവ്. ഇതുമൂലം പലപ്പോഴും കൃത്യസമയത്ത് സ്കൂളിൽ എത്തിച്ചേരാൻ പറ്റുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. പലപ്പോഴും വൈകുന്നേരങ്ങളിൽ ഏറെ വൈകിയാണ് വിദ്യാർഥിനികളടക്കമുള്ളവർ വീട്ടിലെത്തിച്ചേരുന്നത്. ഇതിനു പുറമെ ബസുകൾ തമ്മിലുള്ള മത്സരയോട്ടവും പതിവാണ്.
താരതമ്യേന വീതി കുറവും വളവുമുള്ള റോഡിൽ ബസുകളുടെ അമിതവേഗതമൂലം അപകടവും പതിവാണ്. വിദ്യാർഥികളെ ബസിൽ കയറ്റാത്തതിനെച്ചൊല്ലി മാതാപിതാക്കൾ ജീവനക്കാരോട് പലവട്ടം പരാതിപ്പെട്ടെങ്കിലും ധിക്കാരപരമായ മറുപടിയാണ് ഉണ്ടായതെന്നും പറയുന്നു. ഏതാനും ചില സ്വകാര്യ ബസ് ജീവനക്കാർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്.
ഇക്കൂട്ടർ വിദ്യാർഥിനികളോടടക്കം അസഭ്യം പറയുന്നതായും പരാതിയുണ്ട്. പോലീസോ മോട്ടോർ വാഹന വകുപ്പോ യാതൊരു പരിശോധനയും നടത്താത്തതാണ് സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിനു കാരണമാകുന്നതെന്നു നാട്ടുകാർ പറയുന്നു. ബസ് ജീവനക്കാരുടെ ഗുണ്ടായിസം അവനാസിപ്പിച്ചില്ലെങ്കിൽ വഴി തടയൽ അടക്കമുള്ള സമര പരിപാടികൾക്ക് നേതൃത്വം നൽകാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.