കൊച്ചി: സ്വകാര്യബസില്‍ നിന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ തള്ളിയിട്ട സംഭവത്തില്‍ പോലീസ് ബസ് പിടിച്ചെടുത്തു. ജീവനക്കാര്ക്കാര്ക്കായി അന്വേഷണം ആരംഭിച്ചു. സ്വകാര്യ ബസിലെ കണ്ടക്ടർ, ഡ്രൈവര്‍ എന്നിവര്‍ക്കായാണ് അന്വേഷണം. ഇവരെ ഉടന്‍ പിടികൂടുമെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
തൃക്കാക്കര കാര്‍ഡിനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ഫാത്തിമ ഫര്‍ഹാനയ്ക്കാണ് പരിക്കേറ്റത്. സംഭവദിവസം വൈകിട്ട് അഞ്ചിന് ജഡ്ജിമുക്ക് സ്റ്റോപ്പില്‍ നിന്ന് എസ്.എം.എസ്. എന്ന ബസില്‍ കയറാന്‍ ശ്രമിക്കവേ കണ്ടക്ടര്‍ പെണ്‍കുട്ടികളെ തള്ളിപ്പുറത്തിടുകയായിരുന്നു. ഫാത്തിമ റോഡില്‍ വീണു കിടക്കുമ്പോള്‍ ബസ് ഓടിച്ചുപോകുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞിട്ടു.
പെണ്‍കുട്ടിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാക്കി. ഇടുപ്പെല്ലിന് ക്ഷതമേറ്റ പെണ്‍കുട്ടിക്ക് ഡോക്ടര്‍മാര്‍ ഒരുമാസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. രക്ഷിതാക്കളും സ്കൂള്‍ അധികൃതരും നല്കിയ പരാതിയിലാണ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കുമെന്നു പോലീസ് അറിയിച്ചു.