കിഴക്കമ്പലം: വർധിപ്പിച്ച ബസ് ചാർജ് ഈടാക്കാമെന്ന് ഹൈക്കോടതി ഉത്തരവ് വന്നിട്ടും ബസുടമകൾ തൊഴിലാളികളുമായി ചർച്ചക്ക് തയാറാകാത്തതിനാൽ കിഴക്കമ്പലം മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് നാലാം ദിവസത്തിലേക്ക്.
ബസ് ഉടമകൾ ഇതുവരെ തൊഴിലാളികളുമായി ചർച്ച നടത്താൻ വിസമ്മതിച്ച് നിൽക്കുന്നതു മൂലമാണ് സമരം നീണ്ടു പോകുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്. വർധിപ്പിച്ച നിരക്കിൽ ഓടാൻ തൊഴിലാളികൾ തയാറായി നിൽക്കുമ്പോഴും ചില ബസുടമകൾ വേറെ ആളുകളെ ഉപയോഗിച്ച് സർവീസ് നടത്തുന്നതായും ആരോപണമുണ്ട്.
ഇതിനിടെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന തൊഴിലാളി യൂണിയനിടയിൽ രാഷ്ട്രീയം കലർത്തി സംഘടനയെ തകർക്കാനും ചിലർ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ നിരവധി യാത്രക്കാർ ഗതാഗത സൗകര്യമില്ലാതെ ഈ മേഖലയിൽ ദുരിതത്തിലാണ്.
75 ലധികം ബസുകളിലെ 150തോളം വരുന്ന നിർധനരായ തൊഴിലാളികളാണ് സമരരംഗത്തുള്ളത്. ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ ഇന്നേ വരെ മുതലാളിമാരുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് സഹായവും ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
കൊറോണ കാലത്ത് സർക്കാർ അനുവദിച്ച 5000 രൂപ മുഴുവൻ തൊഴിലാളികൾക്കും നൽകുക, തൊഴിൽ നഷ്ടപ്പെടുന്നവർക്ക് അർഹമായ അവകാശങ്ങൾ നൽകി പിരിച്ച് വിടുക, മുതലാളിമാരുടെ ബന്ധുക്കളെ ഒഴിവാക്കി മുഴുവൻ തൊഴിലാളികളേയും ക്ഷേമനിധിയിൽ അംഗമാക്കി തൊഴിലാളി വിഹിതം അടയ്ക്കുക, തൊഴിലാളികൾക്ക് നിലവിലെ ശമ്പളം നില നിർത്തുക എന്നീ ആവശ്യങ്ങളാണ് തൊഴിലാളികൾ മുന്നോട്ട് വച്ചിട്ടുള്ളത്.
മൂവാറ്റുപുഴ, കോലഞ്ചേരി, പെരുമ്പാവൂർ, ആലുവ, എറണാകുളം, തൃപ്പൂണിത്തുറ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ ഇല്ലാത്തത് കിഴക്കമ്പലം മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.