സ്വന്തം ലേഖകൻ
തൃശൂർ: ബസുടമകൾ ജി ഫോം സർട്ടിഫിക്കറ്റ് തരപ്പെടുത്താനുള്ള ഓട്ടത്തിലാണ്. ലോക് ഡൗണ്‍ മൂലം രണ്ടു മാസം ബസ് ഓടിച്ചില്ലെന്ന് ആർടിഒ ഓഫീസിൽനിന്ന് ജോയിന്റ് ആർടിഒയുടെ സർട്ടിഫിക്കറ്റ് ഇന്നലെ മുതൽ വിതരണം ചെയ്തു തുടങ്ങി.
ലോക്ഡൗണ്‍ ആരംഭിച്ച ദിവസങ്ങളിൽതന്നെ ബസ്, ലോറി തുടങ്ങിയ വാഹനങ്ങളുടെ ഉടമകൾ വാഹനം ഓടിക്കുന്നില്ലെന്നു രേഖപ്പെടുത്തിയുള്ള ജി ഫോം അപേക്ഷകൾ നൽകിയിരുന്നു. പെർമിറ്റ്, നികുതി ഇളവുകൾ ലഭിക്കാനാണ് ജി ഫോം അപേക്ഷകൾ നൽകിയത്. ഇവയുടെ അടിസ്ഥാനത്തിലുള്ള സർട്ടിഫിക്കറ്റുകളാണ് ബസുടമകൾ ശേഖരിക്കുന്നത്.
ഈ സർട്ടിഫിക്കറ്റ് വാഹനത്തിന്റെ ഇൻഷ്വറൻസ് സ്ഥാപനത്തിൽ ഹാജരാക്കിയാൽ വാഹനം ഓടിക്കാതിരുന്ന രണ്ടു മാസത്തെ ഇൻഷ്വറൻസ് പരിരക്ഷ നീട്ടിക്കിട്ടുമെന്നാണ് വാഹനമുടമകൾ പറയുന്നത്.
പരിരക്ഷ നീട്ടിക്കൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ വന്നിട്ടില്ല. ഇളവിനുള്ള ജി ഫോം സർട്ടിഫിക്കറ്റും അപേക്ഷയും തത്കാലം വാങ്ങിവയ്ക്കാനേ നിർവാഹമുള്ളൂ. പൊതുമേഖലാ ഇൻഷ്വറൻസ് കന്പനികളുടെ ഓഫീസുകളിലെ ഉദ്യോഗസ്ഥർ പറയുന്നു.
ജൂലൈ മാസം മുതൽ ഇൻഷ്വറൻസ് പ്രീമിയം നിരക്കുകളിൽ വൻ വർധന വരാനിരിക്കുകയാണ്. പ്രീമിയം അടച്ച് പോളിസി പുതുക്കുന്ന അവസരത്തിൽ ലോക് ഡൗണിൽ കുടുങ്ങിയ രണ്ടു മാസത്തെ പ്രീമിയത്തിന്റെ നിശ്ചിത ശതമാനം ഇളവു നൽകാനായിരിക്കും ഇൻഷ്വറൻസ് കന്പനികളുടെ തീരുമാനം.
ഇതേസമയം, സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായില്ല. കേന്ദ്ര സർക്കാർ നാലാം ഘട്ടത്തിലേക്കു നീട്ടിയ ലോക് ഡൗണ്‍ അവസാനിക്കുന്ന ജൂണ്‍ ഒന്നാം തിയതിയോടെ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ബസുടമകൾ. കൂടുതൽ യാത്രക്കാരെ കയറ്റാൻ അനുമതി ലഭിച്ചാലേ ബസ് സർവീസ് നഷ്ടമില്ലാതെ നടത്താനാകൂവെന്ന് ബസുടമകൾ പറയുന്നു.
തൃശൂർ ജില്ലയിൽ 1,500 സ്വകാര്യ ബസുകളുണ്ടെങ്കിലും ഇപ്പോൾ 150 സ്വകാര്യ ബസുകളാണു സർവീസ് നടത്തുന്നത്. ബസിൽ ഒരു യാത്രക്കാരനെ അധികമായി കണ്ടാൽ പോലീസ് പതിനായിരം രൂപ പിഴ അടപ്പിക്കുമെന്ന ഭീതിയിലാണ് പലരും സർവീസ് നടത്താൻ തയാറാകാത്തതെന്നും ബസുടമകൾ പറയുന്നു.