തൃശൂർ: ബസ് ചാർജ് വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ പേരിൽ ബസ് സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ബസുടമകളുടെ സംഘടനകൾ.
സർവീസ് നടത്തുന്നത് ആദായകരമല്ലാത്തതിനാൽ ഓരോ ബസുടമകളും ഓടാതിരിക്കുന്നതാണെന്ന് തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസ്.
പ്രതിഫലം ഇല്ലാതെ ജോലി ചെയ്യാൻ ജീവനക്കാരും തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ ബസ് സർവീസുകൾ സ്വയം നിന്നുപോകുന്നതാണ്, ആന്റോ ഫ്രാൻസിസ് പറഞ്ഞു.
പരമാവധി ബസുകൾ ഓടിച്ച് പ്രതിസന്ധി ഘട്ടത്തെ മറികടക്കണമെന്നാണ് അസോസിയേഷന്റെ ആഗ്രഹം. എന്നാൽ പ്രതിസന്ധിയിലായ ബസുടമകളോടു നഷ്ടം സഹിച്ച് ബസോടിക്കാൻ നിർബന്ധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.