കറുകച്ചാൽ: ബസുകളിൽ യാത്രക്കാർ സജീവമായതോടെ കെഎസ്ആർടിസി ജീവനക്കാരും സ്വകാര്യ ബസ് ജീവിനക്കാരും തമ്മിലുള്ള പോര് വീണ്ടും. സമയത്തെക്കുറിച്ചുള്ള തർക്കമാണ് പലപ്പോഴും ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റത്തിലും അടിപിടിയിലും കലാശിക്കുന്നത്.
ഇന്നലെ വൈകുന്നേരം കറുകച്ചാൽ ബസ് സ്റ്റാൻഡിനു മുന്നിൽ കെഎസ്ആർടിസി ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ വാക്കേറ്റമാണ് പൊതുജനത്തിനു ബുദ്ധിമുട്ട് സൃഷ്ടിച്ചത്. ഇവിടെ ഗതാതഗവും സ്തംഭിച്ചു.
കോട്ടയത്തു നിന്നും കോഴഞ്ചേരിയിലേക്കുള്ള കെഎസ്ആർടിസി ബസ് യാത്രക്കാരെ ഇറക്കി കറുകച്ചാൽ ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്കിറങ്ങുന്പോൾ പിന്നാലെ എത്തിയ സ്വകാര്യ ബസ് റോഡിനു മുന്നിലേക്കു കയറി കുറുകെ ഇടുകയായിരുന്നു.
സമയം സംബന്ധിച്ചുള്ള കാര്യത്തിൽ സ്വകാര്യ ബസ് ജിവനക്കാർ കെഎസ്ആർടിസി ജീവനക്കാരോട് തർക്കമുണ്ടാവുകയും തുടർന്നു കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമിക്കുകയുമായിരുന്നു.
ഇതോടെയാണ് ബസ് സ്റ്റാൻഡ് പരിസരത്തും വാഴൂർ റോഡിലും ഗതാഗതം സ്തംഭിക്കുന്നത്. കറുകച്ചാൽ പോലീസ് സംഭവ സ്ഥലത്തെത്തിയാണ് റോഡിൽ കുറുകെ കിടന്ന സ്വകാര്യ ബസ് മാറ്റിച്ചത്.