പൊൻകുന്നം: വിദ്യാർഥിനികളെ ബസിൽ കയറ്റിയില്ലെന്ന പരാതിയിൽ സ്വകാര്യ ബസ് കണ്ടക്ടർ, ഡ്രൈവർ എന്നിവരുടെ ലൈസൻസ് 15 ദിവസത്തേക്ക് കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒ സസ്പെൻഡ് ചെയ്തു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശിനികളായ വിദ്യാർഥിനികൾക്കാണു ബസ് ജീവനക്കാർ യാത്ര നിഷേധിച്ചതോടെ സമയത്ത് സ്കൂളിൽ എത്താൻ കഴിയാതെ വന്നത്.
ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിനും എസ്എച്ച് ഹൈസ്കൂളിൽ 10ാം ക്ലാസിലും പഠിക്കുന്നവരാണ് വിദ്യാർഥികൾ. രാവിലെ എട്ടിന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വിദ്യാർഥിനികൾ എത്തിയെങ്കിലും സ്ഥിരം പോകുന്ന ബസ് കാണാതെ വന്നതിനാൽ എറണാകുളത്തേക്കു പോകുന്ന സ്വകാര്യ ബസിൽ കയറാൻ ശ്രമിച്ചത് ജീവനക്കാർ തടയുകയായിരുന്നു.
സ്കൂളിൽ പോകാതെ വീട്ടിലെത്തിയ വിദ്യാർഥിനികൾ മാതാവിന് ഒപ്പം എത്തി കാഞ്ഞിരപ്പള്ളി പോലീസിലും ജോയിന്റ് ആർടിഒയ്ക്കും പരാതി നൽകുകയായിരുന്നു.