ഷോബി കെ. പോൾ
ഇരിങ്ങാലക്കുട: പല ബസ് ജീവനക്കാരുടെയും പെരുമാറ്റം കണ്ടാൽ തോന്നും ഇവരിൽ ഭൂരിഭാഗം ക്രമിനൽ പശ്ചാത്തലമുള്ളവരാണെന്ന്. അപകടം സംഭവിച്ചു കഴിഞ്ഞാൽ മാന്യമായ രീതിയിൽ പെരുമാറാത്ത പല ബസ് ജീവനക്കാരും ഉണ്ടെന്നുള്ളത് കുറച്ചുനാൾ മുന്‍പ് ഇരിങ്ങാലക്കുടയിൽ തെളിയിച്ചിരുന്നു.
ബസിനുള്ളിൽ തെറിച്ചുവീണ യാത്രക്കാരിയെ വഴിയിൽ ഇറക്കിവിടുകയാണ് സംഭവിച്ചത്. അപകടം പറ്റിയ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ വഴിയിൽ ഇറക്കിവിട്ടതു മൂലം നാട്ടുകാർ ചേർന്നു ബസു തടയുകയും പിന്നീട് പോലീസ് ഈ ബസിലെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
സമയം തെറ്റി ഓടുന്നു എന്ന പേരിൽ ജീവനക്കാർ പരസ്പരം യാത്രക്കാരുടെ മുന്നിൽവെച്ച് സംസാരിക്കുന്പോഴും പോലീസോ വാഹനവകുപ്പ് അധികൃതരോ ഇതിനെതിരെ യാതൊരു നടപടിയെടുക്കാത്ത സാഹചര്യമാണു നിലവിലുള്ളത്. ഈ വിഭാഗം ജീവനക്കാർ ഈ തൊഴിലിന്റെ മാന്യത കെടുത്തുകയാണ്.
അമിതവേഗത ശീലമാക്കിയ ഡ്രൈവർമാരും, പണം നൽകിയാലും ടിക്കറ്റ് നൽകാത്ത കണ്ടക്ടറും
അപകടകരമായ വേഗത്തിൽ വാഹനം ഓടിക്കുന്നത് ശീലമാക്കിയ ഡ്രൈവർമാർ ഏറെയാണ്. യാത്രക്കാർ പരാതിപ്പെട്ടാൽ ഈ ബസിൽ കയറണമെന്ന് യാതൊരു നിർബന്ധവുമില്ലെന്ന ധാർഷ്ട്യത്തിലുള്ള മറുപടിയാണ് ലഭിക്കുക. ഡ്രൈവർമാരുടെ അനാസ്ഥമൂലം വാഹനം ഇടിച്ചു ജനങ്ങൾ മരിച്ചാലും ഇത്തരക്കാർ നിയമത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയാണ്.
പല ബസുകളിലും ടിക്കറ്റ് നൽകാത്തതിനാൽ മറന്നുപോയ തുക പിന്നീട് വാങ്ങാമെന്നു വച്ചാൽ കിട്ടാത്ത സഥിതിയാണുള്ളത്. ജീവനക്കാർ ചേർന്ന് അവസാനം യാത്രക്കാരനെ കള്ളനാക്കി സംഭവം ഒതുക്കും. ഇത്തരത്തിൽ നിരവധി യാത്രക്കാർക്ക് പണം നഷ്ടപ്പെടുന്നതായി പരാതിയുണ്ട്.
ലഹരി നുണഞ്ഞ് വളയം പിടിക്കുന്നവർ
ബസിന്റെ ഗതി നിയന്ത്രിക്കുന്നതു ആരാണ് ? കിളികളുടെ ഭാവത്തിൽ അവർക്കാണ് എല്ലാ അധികാരവും. വാതിൽക്കൽ നിന്നുള്ള കിളികളുടെ പറക്കൽ നിരോധിച്ചിട്ടുണ്ടെങ്കിലും ആരും ഗൗരവത്തിലെടുക്കുന്നില്ല. ബസ് നിയന്ത്രിക്കുന്നത് ഇക്കൂട്ടരാണെന്നാണ് അവരുടെ ധാരണ.
ഡ്രൈവർമാരുടെ കാര്യം മറ്റൊന്നാണ്. ചില ബസ് ഡ്രൈവർമാർക്ക് വളയം പിടിക്കും മുന്‍പ് ലഹരി നുണയണം. ബസ് യാത്രക്കാരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി പലപ്പോഴും പോലീസ് ബസിൽ കയറി ഇത്തരം പരിശോധന നടത്താറില്ല. അത് പലരും മുതലാക്കുന്നു. വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര പുറപ്പെടുന്നതിനു മുന്‍പായി പരിശോധന നടത്തിയാൽ പലരും കുടുങ്ങുമെന്നുറപ്പ്. എന്നാൽ പോലീസോ ബന്ധപ്പെട്ട അധികൃതരോ ഇതിനു ശ്രമിക്കാറില്ല.
കൃത്യമായി അറിഞ്ഞാലും റൂട്ട് മാറ്റി ഓടിച്ചേ ശീലമുള്ളൂ
ബസുകൾക്ക് നിർദിഷ്ട റൂട്ടുകൾ ഉണ്ടെങ്കിലും ഇവ മാറ്റി ഓടിക്കലാണ് ചില ഡ്രൈവർമാരുടെ പതിവുശൈലി. ടൗണിന്റ കിഴക്കൻ മേഖലയായ ചാലക്കുടി. കൊടകര എന്നിവടങ്ങളിൽ നിന്നും വരുന്ന സ്വകാര്യ ബസുകളാണ് നിർദേശിച്ചിരിക്കുന്ന റൂട്ടിൽ നിന്നും മാറി ഓടുന്നത്.
വിശ്വനാഥപുരം ക്ഷേത്രത്തിനു സമീപമുള്ള വണ്‍വേ റോഡിലൂടെ തിരിഞ്ഞ് മാർക്കറ്റ് ജംഗ്ഷനിലെത്തി നിത്യാരാധന കേന്ദ്രത്തിനു പുറകിലൂടെ ടൗണ്‍ സഹകരണബാങ്കു സമീപത്തുകൂടി ഠാണാ ജംഗ്ഷനിലെത്തി ചേരണമെന്നാണ് നിയമം. എന്നാൽ പല ബസുകളും ഇത് പാലിക്കാറില്ല.
പല ബസുകളും ചാലക്കുടി റോഡിൽ നിന്നും ഓർത്തോഡക്സ് പള്ളിക്കു മുന്നിലൂടെ കുരിശങ്ങാടി റോഡിലൂടെ സെന്റ് മേരീസ് സ്കൂൾ ജംഗ്ഷൻ വഴി ടൗണ്‍ ബാങ്കിനു സമീപത്തെത്തി ചേരും ചിലരാണെങ്കിൽ മാർക്കറ്റിൽ പ്രവേശിക്കാതെ കുരിശങ്ങാടി കപ്പേള കൂടി കടന്നുവരും.
ഇവിടെ വണ്‍വെ സംബ്രദായം തെറ്റിക്കുന്നതു വഴി കുരിശങ്ങാടിയിൽ കാലങ്ങളായി നിലനിൽക്കുന്ന കപ്പേളക്കു സമീപം അപകടമുണ്ടാകുവാനുള്ള സാധ്യതയേറെയാണ്. മാത്രവുമല്ല, ചന്തയിലേക്ക് വരുന്നവർ കുരിശങ്ങാടി റോഡിലിറങ്ങി നടക്കുകയും വേണം.
മാർക്കറ്റ് ജംഗ്ഷനിലെത്തുന്ന ചില ബസുകൾ വടക്കോട്ട് തിരിയാതെ മാർക്കറ്റ് റോഡിലൂടെ തന്നെ നിത്യാരാധന കേന്ദ്രത്തിനു മുന്നിലൂടെ സെന്റ് മേരീസ് സ്കൂൾ ജംഗ്ഷനിലെത്തി ചേരുകയാണ് ഒരു കൂട്ടം ബസുകളുടെ ശൈലി.
മാർക്കറ്റ് റോഡിലൂടെ ബസുകൾ കടന്നു പോകുന്നതുവഴി അനാവശ്യ ഗതാഗതക്കുരുക്കു സൃഷ്ടിക്കപ്പെടുകയും സ്കൂൾ വിദ്യാർഥികളുടെ ജീവനു ഭീഷണിയാവുന്നതും പതിവായിട്ടുണ്ട്.