കൊച്ചി: സ്വകാര്യ ആശുപത്രികളെ കൂടുതൽ സാന്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് സ്വകാര്യ ആശുപത്രികളിൽ ആരോഗ്യക്ഷേമ പദ്ധതികൾ നിർത്തലാക്കാൻ തീരുമാനിച്ചതായി സ്വകാര്യ ആശുപത്രി ഉടമകൾ.
സ്വകാര്യ ആശുപത്രികൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണു കാരുണ്യ, സ്നേഹസ്പർശം, ആരോഗ്യ ഇൻഷ്വറൻസ് തുടങ്ങിയ ആരോഗ്യ സുരക്ഷാ പദ്ധതികൾ മാർച്ച് 31നു ശേഷം നിർത്തലാക്കാൻ തീരുമാനിച്ചതെന്നു കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.പദ്ധതികൾ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഏജൻസികളുമായുള്ള കാരാറുള്ളതിനാലാണു സേവനങ്ങൾ നിർത്തലാക്കാൻ രണ്ടു മാസം സമയം നിട്ടിയത്.
ഇതു സംബന്ധിച്ചുള്ള നോട്ടീസ് അടുത്ത ദിവസം അതാത് ഏജൻസികൾക്ക് കൈമാറും. സ്വകാര്യ ആശുപത്രികളുടെ പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മകമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് ഉണ്ടായാൽ മാത്രം തീരുമാനത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ഹുസൈൻ കോയ തങ്ങൾ, സെക്രട്ടറി ഫർഹാൻ യാസിൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അസോസിയേഷന്റെ കീഴിലുള്ള ഇരുന്നൂറോളം ആശുപത്രികളിലാണു സർക്കാരിന്റെ ആരോഗ്യ ക്ഷേമ പദ്ധതികൾ നടപ്പാക്കിവരുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി പദ്ധതിയുടെ ഭാഗമായുള്ള ചികിത്സകൾ നടത്തിയതിന്റെ ബിൽ മാറിക്കിട്ടിയിട്ടില്ല. ഇത്തരത്തിൽ 110 കോടി രൂപയോളം സർക്കാർ നൽകാനുണ്ട്.
നഷ്ടം സഹിച്ചും ക്ഷേമ പദ്ധതികളുടെ പ്രയോജനം പാവപ്പെട്ട രോഗികൾക്ക് നൽകി വരുന്നതിനിടെയാണ് അപ്രായോഗികമായ ശന്പള വർധനയും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലും നടപ്പാക്കാനൊരുങ്ങി സർക്കാരുകൾ സ്വകാര്യ ആശുപത്രികളെ വീണ്ടും പ്രതിസന്ധിയിലാക്കിയത്.
മറ്റു സംസ്ഥാനങ്ങളിൽ 15,000ത്തിൽ താഴെ മാത്രം അടിസ്ഥാന ശന്പളമുള്ളപ്പോൾ കേരളത്തിൽ നഴ്സുമാർക്കു 24,000 മുതൽ 32,570 രൂപവരെ അടിസ്ഥാന വേതനം നൽകാനാണ് സർക്കാർ നിർബന്ധിക്കുന്നത്. ഇതു നടപ്പാക്കേണ്ടിവന്നാൽ ചികിത്സാ ചെലവു 60 ശതമാനം വർധിപ്പിക്കേണ്ടിവരും.
ഇതുമൂലം രോഗികൾ സ്വകാര്യ ആശുപത്രികളെ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടാകും. ഇത്രയും രോഗികളെ ഉൾക്കൊള്ളാനുള്ള അടിസ്ഥാന സൗകര്യങ്ങളോ ചികിത്സാ സൗകര്യങ്ങളോ നിലവിൽ സർക്കാർ ആശുപത്രികളിൽ ഇല്ല. കേരളത്തിലെ മെച്ചപ്പെട്ട ആരോഗ്യ മേഖലയുടെ തകർച്ചയ്ക്കാകും ഇതു കാരണമാകുകയെന്നും അവർ ചൂണ്ടിക്കാട്ടി.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് കൊണ്ടുവരാനുള്ള നീക്കം പ്രശ്നം കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണെന്നും സ്വകാര്യ ആശുപത്രി ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഒരു ഡോക്ടർ മാത്രമുള്ള ക്ലിനിക്കുകൾ ഒഴികെ മറ്റെല്ലാ ക്ലിനിക്കുകളും ആശുപത്രികളും ബില്ലിന്റെ കീഴിൽ വരും.
ബിൽ നടപ്പാകുന്നതോടെ ആശുപത്രികളുടെ നിലവാരം ഉയർത്തണം. ഇതു വൻ സാന്പത്തിക ബാധ്യതയ്ക്ക് ഇടവരുത്തും. കേരളത്തിൽ 100 കിടക്കയിൽ കുറവുള്ള ആശുപത്രികളെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും മരുന്നുകൾക്കും ചികിത്സയ്ക്കും ഏർപ്പെടുത്തിയ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു. ു