സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതിരൂക്ഷമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കുറയ്ക്കുന്നതും ഏകീകരിക്കുന്നതും സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
വര്‍ധിച്ചുവരുന്ന കോവിഡ് കണക്കുകള്‍ മനസിനെ അലട്ടുന്നതാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.
കോവിഡ് ചികിത്സയ്ക്കുള്ള ചെലവ് കോവിഡിനേക്കാള്‍ ഭീകരമാണ്. ഇക്കാര്യത്തില്‍ കൂടുതലായി എന്ത് ചെയ്യാന്‍ കഴിയും എന്നത് ആശുപത്രികളുമായി ആലോചിച്ച് അറിയിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
കോവിഡില്‍നിന്നു മുക്തമാകാമെങ്കിലും ചെലവില്‍നിന്നു മുക്തമാകാന്‍ സാധിക്കില്ലെന്ന ഒരു കുറിപ്പും കോടതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കോവിഡ് രോഗികളുടെ ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച കഴിഞ്ഞ വര്‍ഷം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം.
ചികിത്സാ നിരക്കുകള്‍ വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.
നിലവില്‍ കേസില്‍ സ്വകാര്യ ആശുപത്രികളെ കക്ഷി ചേര്‍ത്തിട്ടില്ലെങ്കിലും അടുത്ത പ്രാവശ്യം സ്വകാര്യ ആശുപത്രികളുടെ ഭാഗവും കോടതി കേള്‍ക്കും.