കോട്ടയം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽനിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഉത്തരവിനു പുല്ലുവില.
നഗരത്തിലെ സ്വകാര്യ ലാബുകളിൽ ഇപ്പോഴും ആർടിപിസിആർ പരിശോധനാ നിരക്ക് 1700 തന്നെ. ഇതു സംബന്ധിച്ചു മാധ്യമങ്ങളിലെ വാർത്ത മാത്രമാണ് കണ്ടിട്ടുള്ളു എന്നും അധികൃതരുടെ ഭാഗത്തു നിന്നും നിരക്കു കുറക്കാൻ ഉത്തരവ് ലഭിച്ചിട്ടില്ലെന്നുമാണ് ലാബുകാരുടെ മറുപടി.
ഇന്നു രാവിലെ കോട്ടയം നഗരത്തിലെ ഒരു സ്വകാര്യ ലാബിൽ എത്തിയ മാധ്യമ പ്രവർത്തകനായ വ്യക്തിയോട് ആർടിപിസിആർ പരിശോധനയ്ക്കു 1700 ഈടാക്കുകയും ഇതു ചോദിച്ചപ്പോൾ നിരക്കു കുറക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്നുമാണ് ലാബിലെ ജീവനക്കാരി പറഞ്ഞത്.
കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ നിരക്ക് കൂടിയാലും ഫലം വേഗത്തിൽ ലഭിക്കുന്നതിനായി ലാബുകാർ ആവശ്യപ്പെടുന്നത് നൽകാൻ പൊതുജനം നിർബന്ധിതരായിരിക്കുകയാണ്.
സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ സൗജന്യമായി എല്ലാ കോവിഡ് പരിശോധനകളും നടത്തുന്പോഴാണ് സ്വകാര്യ ലാബുകളുടെ കൊള്ളലാഭം.
ഐസിഎംആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചതായി ആരോഗ്യ വിഭാഗം ഇന്നലെ ഉത്തരവിറക്കിയത്.
ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർജ് തുടങ്ങിയവ ഉൾപ്പെടെയാണ് ഈ നിരക്ക്. സംസ്ഥാന അംഗീകൃത ലബോറട്ടറികൾക്കും ആശുപത്രികൾക്കും പരിശോധന നടത്താൻ 500 രൂപ മാത്രമേ ഈടാക്കാവു എന്നും മന്ത്രി പറഞ്ഞ സാഹചര്യത്തിലാണ് സ്വകാര്യ ലാബുകളുടെ തട്ടിപ്പ്.
ആർടിപിസിആർ പരിശോധനയ്ക്കു രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണു കേരളത്തിൽ ഈടാക്കിയിരുന്നത്. ഒട്ടേറെ സംസ്ഥാനങ്ങളിൽ 400, 500 നിരക്കു മാത്രമാണുള്ളത്.
