പരവൂർ: അസോസിയേഷൻ ഒഫ് കേരള പ്രൈവറ്റ് സ്കൂൾസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായുള്ള മേഖലാ കലോത്സവം നാളെയും മറ്റന്നാളും പരവൂരിൽ നടക്കും.കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്ന് 2600-ൽപ്പരം വിദ്യാർഥികൾ 52 ഇനങ്ങളിൽ മത്സരിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പരവൂർ എസ്എൻവി റീജണൽ സഹകരണ ബാങ്ക് ഓഡിറ്റോറിയം, മുനിസിപ്പൽ നെഹ്റു പാർക്ക്, ഓർക്കിഡ് ഇന്റർനാഷണൽ സ്കൂൾ എന്നിവിടങ്ങളിലെ അഞ്ച് വേദികളിലാണ് മത്സരം. നാളെ രാവിലെ എട്ടിന് അസോസിയേഷൻ രക്ഷാധികാരി സന്തോഷ് കുമാർ പതാക ഉയർത്തും.
എസ്എൻവി ബാങ്ക് ഓഡിറ്റോറിയത്തിൽ 8.30ന് ചേരുന്ന യോഗത്തിൽ കാഥികകൻ പ്രഫ.വസന്തകുമാർ സാംബശിവൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പ്രോഗ്രാം കമ്മിറ്റി ചീഫ് കോർഡിനേറ്റർ ആർ.സനജൻ അധ്യക്ഷത വഹിക്കും.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ ചെല്ലപ്പൻ, ഹൈക്കോടതി അഭിഭാഷകൻ സുധീർ കാരിയ്ക്കൽ, മാധ്യമ പ്രവർത്തകൻ ജോൺ റിച്ചാർഡ്, പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ എസ്.അരുൺ, അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി.രമ എന്നിവർ പ്രസംഗിക്കും. രക്ഷാധികാരി ജോസഫ് നെറ്റോ കലോത്സവ വേദികളിലേയ്ക്ക് ദീപം പകരും. തുടർന്ന് മത്സരങ്ങൾ ആരംഭിക്കും.
ഡിസംബർ ഒന്നിന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം ജസ്റ്റിസ് ബി.കെമാൽപാഷ ഉദ്ഘാടനം ചെയ്യും. ചികിത്സാ സഹായ വിതരണം നഗരസഭാ ചെയർമാൻ കെ.പി.കുറുപ്പ് നിർവഹിക്കും. എ.അജി അധ്യക്ഷത വഹിക്കും.
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ പ്രസിഡന്റും വൈസ്മെൻ ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണറുമായ എസ്.അജയകുമാറിനെ (ബാലു) അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.എം.സുന്ദരേശനുണ്ണി ആദരിക്കും.
അസോസിയേഷൻ സംസ്ഥാന ട്രഷറർ ജയപ്രകാശ് കുഴൽമന്നം ഉപഹാര സമർപ്പണം നടത്തും. സിനിമാതാരം ടോണി ആന്റണി സമ്മാനദാനം നിർവഹിക്കും. സിസ്റ്റർ ലിയോണി മണിമല, നഗരസഭാ കൗൺസിലർ എസ്.ജയ, മോഹൻ മംഗലശേരി, ആർ.സനജൻ എന്നിവർ പ്രസംഗിക്കും.
അസോസിയേഷൻ ഭാരവാഹികളായ െ.അജി, മോഹൻ മംഗലശേരി, ആർ.സനജൻ, എസ്.അരുൺ, പോൾ തോമസ്, രക്ഷാധികാരി ജോസഫ് നെറ്റോ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.