തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലുമായി മുന്നോട്ടുപോകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. മിക്ക സംസ്ഥാനങ്ങളിലും സ്വകാര്യ സർവകലാശാലകൾ വന്നു. ഇനിയും സ്വകാര്യ സർവകലാശാല വന്നില്ലെങ്കിൽ കേരളം പിന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ സർവകലാശാല വന്നാലും സാമൂഹിക നിയന്ത്രണം ഉറപ്പാക്കും.കാലത്തിന് അനുസരിച്ച് മാറാതെ പറ്റില്ല. അല്ലെങ്കിൽ ഒരു ജനത എന്ന നിലയിൽ ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് നാം ഒറ്റപ്പെട്ടുപോകും. മൂർത്ത സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുക എന്നത് മാർക്സിയൻ രീതിയാണ്.
മൂർത്ത സാഹചര്യങ്ങൾക്കനുസരിച്ച് മൂർത്തമായ തീരുമാനങ്ങൾ കൊക്കൊള്ളുകയെന്നത് നമ്മുടെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. ഇനിയും സ്വകാര്യ സർവകലാശാലകൾക്ക് അയിത്തം കൽപിക്കേണ്ടതില്ല.
എസ്എഫ്ഐക്ക് യാഥാർത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും ലോകത്ത് ഇന്ന് നടക്കുന്ന മാറ്റത്തിന് അനുസരിച്ച് മുന്നോട്ട് പോയാലെ പറ്റുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. വൈകി വന്ന വിവേകമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കാലത്തിന് അനുസരിച്ച് മാറിയാലേ പറ്റുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.
അതേസമയം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നൽകുന്നതിനുള്ള ബിൽ നിയമസഭയിൽ എപ്പോള്‍ അവതരിപ്പിക്കുമെന്നതിൽ സര്‍ക്കാര്‍ നാളെ തീരുമാനമെടുക്കും. ഇതിനിടെ അസിം പ്രേംജി സര്‍വകലാശാല, ലൗലി പ്രൊഫഷണൽ, അമിറ്റി തുടങ്ങിയ സര്‍വകലാശാലകള്‍ കേരളത്തിലേക്ക് വരാൻ താല്പര്യം അറിയിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്.