എംജെ ശ്രീജിത്ത്
തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് സ്വകാര്യ വാഹന മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി. രാജ്യത്ത് കോവിഡ് 19പടർന്നു പിടിച്ചതോടെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വാഹന ഗതാഗതം നിർത്തി വയ്ക്കുകയും ചെയ്തതോടെ ഈ മേഖലയിൽ തൊഴിലെടുക്കുന്നവർ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്.
ലോക്ക്ഡൗൺ നാലാംഘട്ടത്തിൽ എത്തി നിൽക്കുന്പോഴും ഇളവ് ലഭിക്കാത്ത മേഖലകളിലൊന്ന് ടാക്സി സർവീസാണ്. സ്വകാര്യ ബസ്,ടാക്സി സർവീസുകളൊക്കെ നിർത്തിയിട്ട് രണ്ടുമാസം പിന്നിടുന്നു. ഇനി എന്നു സർവീസ് ആരംഭിക്കുന്ന കാര്യത്തിലും വ്യക്തതയില്ല. ഈ മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ ഇപ്പോൾ പട്ടിണിയിലാണ്.
സ്വകാര്യ വാഹനങ്ങൾ അൽപമെങ്കിലും ഓടി മുതലാക്കുന്ന സമയമാണ് മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവ്. ഇത്തവണത്തെ സീസൺ കോവിഡ് വൈറസ് ബാധ കൊണ്ടുപോയതോടെ കടംവാങ്ങിയും ഭാര്യയുടെ കെട്ടുതാലി പണയം വച്ചു വാഹനം വാങ്ങി ഉപജീവനം നടത്തുന്നവർ കടക്കെണിയിലായി.
മോട്ടോർ വാഹന ക്ഷേമ നിധിയിൽ നിന്ന് സർക്കാർ സഹായം പ്രഖ്യാപിച്ചെങ്കിലും ഈ മേഖലയിൽ പണിയെടുക്കുന്ന ബസ്, ടെന്പോ, ഓട്ടോറിക്ഷാ, ടാക്സി തൊഴിലാളികളിലധികം പേർക്കും ക്ഷേമനിധി അംഗത്വമില്ല. ഇതുകാരണം ഈ സഹായവും ഭൂരിപക്ഷം പേർക്കും ലഭിച്ചിട്ടില്ല.
സംസ്ഥാനത്തെ ഭൂരിപക്ഷം സ്വകാര്യ വാഹനങ്ങളും വാഹനം ഓടുന്നില്ലെന്ന കാണിച്ച് മോട്ടോർ വാഹന വകുപ്പിന് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. മൂന്നു മാസത്തിലൊരിക്കലാണ് സ്വകാര്യ വാഹനങ്ങളുടെ നികുതി അടയ്ക്കേണ്ടത്. ഈ നികുതിയിൽ ഇളവും അടയ്ക്കേണ്ട തീയതി ജൂൺ 15വരെ ദീർഘിപ്പിച്ചതുമല്ലാതെ വാഹന നികുതി ഒഴിവാക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
ഒട്ടുമിക്കവരും വായ്പ എടുത്താണ് വാഹനങ്ങൾ വാങ്ങിയിരിക്കുന്നത്. സർക്കാർ മൂന്നു മാസത്തേയ്ക്ക് വയ്പാ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചത് ഈ മാസം 31ന് അവസാനിക്കും. മൊറട്ടോറിയം ഒരു വാഹനത്തിനും ഗുണമല്ല ഫലത്തിൽ ലഭിച്ചിരിക്കുന്നത് ദോഷം മാത്രമാണ്.
30000 രൂപ തിരിച്ചടവുള്ള വാഹനം തിരിച്ചടവ് കാലാവധി കഴിയുന്പോൾ അന്പതിനായിരത്തിലധികം രൂപ പലിശ ഇനത്തിൽ മാത്രം അടയ്ക്കേണ്ടി വരും. ഇക്കാര്യം സർക്കാരിന് മുന്നിൽ പലകുറി സ്വകാര്യ വാഹന ഉടമകളുടെ സംഘടനകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
വാഹനങ്ങൾ രണ്ടുമാസത്തിലധികമായി നിർത്തിയിട്ടിരിക്കുന്നതിനാൽ ബാറ്ററി ഉൾപ്പടെ പല ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ടാകും. ഇതിനു പുറമെ ഇൻഷ്വറൻസ് ഉൾപ്പടെ വാഹനം ഓടാതെ തന്നെ എടുക്കേണ്ട അവസ്ഥയും സംജതമായിരിക്കുകയാണ്.
ഇൻഷ്വറൻസിന് പുറമേ കേടുപാടുകൾ പരിഹരിച്ച് വാഹനം നിരത്തിലിറക്കി ഓടിക്കുന്നതിന് ഓരോ വാഹനത്തിനും പതിനായിരത്തിലധികം രൂപ വേണ്ടി വരും. സർക്കാർ മറ്റു മേഖലയെ കൈ അയച്ച് സഹായിക്കുന്പോൾ പൊതുഗതാഗത സംവിധാനത്തിൽപ്പെടുന്ന സ്വകാര്യ വാഹന മേഖലയെ പാടേ അവഗണിക്കുകയാണെന്നാണ് ഈ മേഖലയുള്ളവർ പറയുന്നത്.
സർക്കാർ പൊതുഗതാഗതം അനുവദിച്ചാലും നിയന്ത്രണങ്ങൾ ഉള്ളതിനാൽ സ്വകാര്യബസുകൾ സർവീസ് നടത്തുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരും. ഒരു വർഷത്തേയ്ക്ക് സർവീസ് നിർത്തി വയ്ക്കുന്നതായി കാണിച്ച് ജി ഫോം നൽകിയിരിക്കുകയാണ് മിക്ക സ്വകാര്യ ബസുകളും.
സ്വകാര്യ വാഹന മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സ്വാകാര്യ ബസുടമകളുടെ സംഘടനകളും മിനി ബസ് തൊഴിലാളികളുടെ സംഘടനയായ ഓൾ കേരള ടൂറിസ്റ്റർ ക്ലബ്ബും( എകെടിസി) മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിയ്ക്കും നിവേദനം നൽകി കാത്തിരിക്കുകയാണ്.
ജീവിക്കാൻ വേണ്ടി വാഹനം എടുത്ത് ഉപജീവനം നടത്തുന്നവരിൽ പലരും വാഹനം ഉള്ളിന്റെ പേരിൽ ദാരിദ്ര്യ രേഖയ്ക്ക് മുകളിലാണ്. അതിനാൽ സർക്കാർ പ്രഖ്യാപിച്ച അനൂകൂല്യങ്ങളിൽ പലതും ലഭിക്കാനുമിടയില്ല.