എംജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് താത്ക്കാലികമായി ബസ് ചാർജ് കൂട്ടണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് സർക്കാരിന് ശുപാർശ നൽകി.
ശിപാർശ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് ധനവകുപ്പ് സമർപ്പിച്ചു. റോഡ് നികുതിയിലോ ഇന്ധന നികുതിയിലലോ ഇളവ് നൽകണമെന്നും ശുപാർശയിൽ പറയുന്നു.
നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്ന ബസുകൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്താനാണ് ശുപാർശയെന്നാണ് ഗതാഗതവകുപ്പിന്റെ വിശദീകരണം.
നേരത്തെ സ്വകാര്യ ബസ് ഉടമകൾ ഒരു വർഷക്കാലത്തേക്ക് നിലവിലെ മാനദണ്ഡമനുസരിച്ച് സർവീസ് നടത്തുന്നത് നഷ്ടമുണ്ട ക്കുമെന്നും സർവീസ് നിർത്താൻ അനുവദിക്കണമെന്നും ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച് സർവീസ് നടത്തുന്പോഴുള്ള നഷ്ടം നികത്താനാണ് സർവീസ് നിർത്തി വയ്ക്കാൻ അനുമതി തേടിയത്.
ലോക്ക്ഡൗൺ അവസാനിച്ചാലും സംസ്ഥാനത്ത് ബസുകൾ ഒരു വർഷത്തേക്ക് നിരിത്തിലിറക്കില്ലെന്ന് സ്വകാര്യ ബസുടമകൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തുടർ നടപടികൾ എന്ന നിലയ്ക്ക് സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കാനായി പല ഉടമകളും സ്റ്റോപ്പേജ് അപേക്ഷ നൽകുകയും ചെയ്തു. സർക്കാർ നിബന്ധന അനുസരിച്ച് സാമൂഹിക അകലം പാലിച്ച് സർവീസ് നടത്തിയാൽ വലിയ നഷ്ടം ഉണ്ടാകുമെന്നാണ് ബസുടമകൾ പറയുന്നത്.
ജീവനക്കാർക്ക് കൂലി കൊടുക്കാനും അറ്റകുറ്റപണി നടത്താനും കടം വാങ്ങേണ്ടി വരും. ഇതു മുൻകൂട്ടി കണ്ടാണ് സ്റ്റോപ്പേജിന് അനുമതി തേടിയതെന്നാണ് ബസുടമകൾ പറയുന്നത്.
സംസ്ഥാനത്ത് ഇതുവരെ പന്ത്രണ്ടായിരത്തോളം ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ എണ്ണായിരത്തോളം ബസുകൾ ജിഫോം നൽകി കഴിഞ്ഞു.
ബാക്കിയുള്ളവ വരും ദിവസങ്ങളിൽ നൽകും. വാഹന വ്യവസായ മേഖല കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ കൂടിയാണ് കടന്നു പോകുന്നത്. സ്റ്റോപ്പേജ് അനുമതി ലഭിച്ചാൽ നികുതി ഇളവും ഇൻഷ്വറൻസ് അടയ്ക്കാനുള്ള സാവകാശവും ലഭിക്കും.
ബസ് സർവീസ് നടത്തിക്കൊണ്ടു പോകണമെങ്കിൽ ചുരുങ്ങിയത് ഒരു ദിവസം പതിനായിരം രൂപവേണമെന്നാണ് ബസുടമകൾ പറയുന്നത്. മുടക്കു മുതൽ ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്ന സർക്കാർ ഇളവുകൾ ലഭിക്കാതെ ഒരു തരത്തിലും ബസ് സർവീസ് നടത്തില്ലെന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ് ബസുടമകളുടെ സംഘടനകൾ.
സർക്കാർ സഹായം ലഭിച്ചാൽ ബസ് സർവീസ് നടത്താൻ തയാറാണെന്നും ഇവർ പറയുന്നു.