കൊച്ചി: ലോക്ക് ഡൗണിനിടെ വര്‍ധിപ്പിച്ച യാത്രാ നിരക്കില്‍ ബസ് സര്‍വീസ് നടത്താന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തതോടെ നിരത്തുകളില്‍നിന്ന് കൂടുതല്‍ ബസുകള്‍ പിന്‍വലിയുന്നു.
എറണാകുളത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് നിരത്തിലിറങ്ങിയിട്ടുള്ള ബസുകള്‍ കുറവാണെന്ന് ഉടമകള്‍ പറയുന്നു. ലോക്ക് ഡൗണിനുമുമ്പ് 40 ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന എറണാകുളം-പൂത്തോട്ട റൂട്ടില്‍ ഇന്ന് പത്തു ബസുകള്‍ മാത്രമാണുള്ളത്.
മറ്റിടങ്ങളിലും സമാനമായ സാഹചര്യമാണു നിലനില്‍ക്കുന്നത്. പല റൂട്ടിലും യാത്രികര്‍ കുറവായത് ബസുകള്‍ പിന്‍വലിക്കാന്‍ കാരണമായി ഉടമകള്‍ പറയുന്നത്.
ഒരു ദിവസം മുഴുവന്‍ സര്‍വീസ് നടത്തിയാലും ഡീസല്‍ വാങ്ങാന്‍പോലും പണം ലഭിക്കുന്നില്ലെന്നാണ് ഉടമകള്‍ വ്യക്തമാക്കുന്നത്. വന്‍ സാമ്പത്തിക നഷ്ടം സഹിച്ച് മുന്നോട്ട് പോകുക സാധ്യമല്ലെന്ന് സ്വകാര്യ ബസുടമകള്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
ഏകപക്ഷീയമായി ബസ് നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ബസുടമകളുടെ നിലപാട്. എന്നാല്‍,ഡിവിഷന് ബഞ്ചിന്റെ വിധിക്കെതിരേ അപ്പീലിന് പോകില്ലെന്നും സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയമാണ് പുറത്തുവന്നിട്ടുള്ളതെന്നും ഓള് കേരള ബസ് ഓപ്പററ്റേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ടി.ജെ. രാജു പറഞ്ഞു.
മേയ് 19 ലെ സര്‍ക്കാര്‍ ഉത്തരവില്‍ ബസ് ചാര്‍ജ് 50 ശതമാനം വര്‍ധിപ്പിക്കാനാണു സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതോടെ എട്ടു രൂപയായിരുന്ന മിനിമം ചാര്‍ജ് 12 രൂപയായി.
ജൂണ്‍ രണ്ടിന് ഈ ഉത്തരവു പിന്‍വലിച്ചതോടെ മിനിമം ചാര്‍ജ് വീണ്ടും എട്ടു രൂപയായി. ഇതിനെതിരേ ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ച് ജൂണ്‍ ഒമ്പതിന് ഉത്തരവ് സ്റ്റേ ചെയ്തു.
ഇതോടെ മിനിമം നിരക്ക് വീണ്ടും 12 രൂപയായി. ഡിവിഷന് ബെഞ്ച് ഇതു സ്റ്റേ ചെയ്തതോടെ നിരക്ക് വീണ്ടും എട്ടു രൂപയായി മാറി.
മന്ത്രിയെ കാണുമെന്ന് സംഘടനാ നേതാക്കള്‍
കോഴിക്കോട്: ഉയര്‍ന്ന ബസ്ചാര്‍ജ്ജ് ഈടാക്കാന്‍ അനുവദിച്ച ഉത്തരവ് കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ സ്വകാര്യ ബസുകള്‍ വീണ്ടും സര്‍വീസ് നിര്‍ത്തി.
ലോക്ക്ഡൗണ്‍ കാലത്ത് വര്‍ധിപ്പിച്ച നിരക്ക് ഈടാക്കാമെന്ന കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി സര്‍വീസ് ആരംഭിച്ച ബസുകളാണ് ഇന്ന് വീണ്ടും ഓട്ടം നിര്‍ത്തിയത്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാതെ സര്‍വീസ് നടത്താനാവില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ സെക്രട്ടറി എം.തുളസീദാസ് പറഞ്ഞു.
പഴയ നിരക്കില്‍ സര്‍വീസ് നടത്താന്‍ സന്നദ്ധരായവര്‍ക്ക് സര്‍വീസ് നടത്താമെന്നാണ് അസോസിയേഷന്റെ തീരുമാനം. എന്നാല്‍ പലരും വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.
അതിനാല്‍ ഇന്നലെ നിരത്തിലിറങ്ങിയ ബസുകളിലേറെയും ഇന്ന് സര്‍വീസ് നടത്തിയിട്ടില്ല. ഗതാഗതമന്ത്രി കോഴിക്കോടാണിപ്പോഴുള്ളത്. അടുത്ത ദിവസം മന്ത്രി തിരുവനന്തപുരത്ത് എത്തുമ്പോള്‍ അസോസിയേഷന് സംസ്ഥാന നേതാക്കള്‍ നേരില്‍കണ്ട് കാര്യങ്ങള്‍ സംസാരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.