തൊടുപുഴ: ലോക്ക് ഡൗണ്‍ കഴിഞ്ഞാൽ സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെ ഈ മേഖലയിൽ ജോലിചെയ്തിരുന്ന നൂറുകണക്കിന് തൊഴിലാളികൾ ദുരിതക്കയത്തിൽ.
സ്വകാര്യ ബസുകളിൽ ദിവസക്കൂലി്ക്ക് ജോലിചെയ്തിരുന്ന ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ, ഡോർചെക്കർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവരാണ് ദുരിതത്തിലായിരിക്കുന്നത്.
ഇതിനു പുറമേ ഇവയുടെ ഗാരേജുകളിൽ ജോലിചെയ്തിരുന്ന മെക്കാനിക്കൽ ജീവനക്കാരും ഇതിൽപ്പെടും. ലോക്ക് ഡൗണ്‍ പിൻവലിച്ചാലും ബസുകൾ സർവീസ് ആരംഭിക്കാൻ ഇനിയും മാസങ്ങൾ കഴിയുമെന്നുള്ള വിവരം ഇവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ലോക്ക് ഡൗണ്‍ അവസാനിച്ചാൽതന്നെ സർക്കാരിന്റെ കർശന ഉപോധികളോടെ മാത്രമേ ബസുകൾ നിരത്തിലിറക്കാൻ കഴിയൂ. ഇത് ബസുകളുടെ ദൈനംദിന കളക്ഷനിൽ വൻ ഇടിവു വരുത്തുമെന്നതിനാൽ ഇക്കാര്യം പ്രായോഗികമല്ലെന്നാണ് ബസുടമകൾ പറയുന്നത്. യാത്രക്കാർ തമ്മിൽ സുരക്ഷിത അകലം പാലിക്കേണ്ടിവന്നാൽ സർവീസുകൾ കനത്ത നഷ്ടത്തിലാകും.
ആഴ്ചകളായി ബസുകൾ സർവീസ് നിർത്തിവച്ചിരിക്കുന്നതിനാൽ പല ബസുകളുടെയും ബാറ്ററികൾ ഉൾപ്പടെ തകരാറിലാണ്. ഇതിനുപുറമെ പല വാഹനങ്ങളുടെയും ടയറുകളും ഉപയോഗശൂന്യമായി. ഇനി ബാറ്ററികളും ടയറുകളും മാറ്റി വാഹനങ്ങൾ നിരത്തിലിറക്കുന്നതുതന്നെ പണച്ചിലവ് ഏറിയ കാര്യമാണെന്ന് ബസുടമകൾ പറഞ്ഞു.
ഇടുക്കിയിൽ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനു കീഴിൽ 400-ഓളം സ്വകാര്യ ബസുകളുണ്ട്. ഇതിൽ 2000-ഓളം ജീവനക്കാരും ജോലിചെയ്യുന്നുണ്ട്. ഇവരെല്ലാംതന്നെ മറ്റു വരുമാന മാർഗമില്ലാത്തവരാണ്.
തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡിൽനിന്നും 5000 രൂപ നൽകുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും തുക കൂടുതൽപേർക്കും ലഭിച്ചിട്ടില്ല. ക്ഷേമനിധി ബോർഡിൽനിന്നും നൽകുന്ന തുക നിക്ഷേപം പിൻവലിക്കുന്പോൾ തിരികെ പിടിക്കുകയുംചെയ്യും.
ജില്ലയിൽ പകുതിയിൽ താഴെ തൊഴിലാളികൾ മാത്രമാണ് ക്ഷേമനിധി ബോർഡിൽ അംഗമായിട്ടുള്ളത്. ബാക്കിയുള്ളവർക്ക് ഈ ആനുകൂല്യവുമില്ല.
വായ്പയെടുത്തും മറ്റും ഇതിനു പുറമെ സ്വകാര്യ ബസ് സർവീസ് നടത്തുന്ന ഉടമകളും പ്രതിസന്ധിയിലായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഏപ്രിൽ, മേയ്, ജൂണ്‍ മാസങ്ങളിലെ നികുതി ഒഴിവാക്കണമെന്നും വാഹനങ്ങൾ സർവീസ് ആരംഭിക്കുന്പോൾ സൗജന്യമായി ഡീസൽ ലഭ്യമാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നുണ്ട്.
ഇതിനിടെ ഒട്ടേറെ ബസുടമകൾ സർവീസ് നിർത്തിവയ്ക്കുന്നതിനുള്ള ജി ഫോം അപേക്ഷയും നൽകിയിട്ടുണ്ട്.