മലയാളത്തിന് വ്യത്യസ്തമായ ദൃശ്യാനുഭവം നൽകിയ എസ്ര എന്ന ചിത്രത്തിലൂടെയാണ് പ്രിയ ആനന്ദ് എന്ന നടിയെ മലയാളികൾക്ക് പരിചയം. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും പ്രിയ അഭിനയിച്ചു. എന്നാൽ ഒരു ഘട്ടത്തിൽ താൻ അഭിനയം പൂർണമായും നിർത്താൻ തീരുമാനിച്ചിരുന്നു എന്ന് പ്രിയ വെളിപ്പെടുത്തുന്നു. കൂട്ടത്തിൽ ഒരുത്തൻ എന്ന പുതിയ ചിത്രത്തിന്റെ പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് പ്രിയ ഇക്കാര്യം തുറന്നുപറഞ്ഞത്.
പിന്നെ എന്തുകൊണ്ട് മടങ്ങിവന്നു എന്ന് പ്രിയ പറയുന്നു. ഒൗദ്യോഗികപരമായും വ്യക്തിപരമായും ചില സമ്മർദങ്ങളിലൂടെയാണ് ഞാൻ കടന്നുപോയിക്കൊണ്ടിരുന്നത്. ആ ഘട്ടത്തിൽ സിനിമ പൂർണമായും ഉപേക്ഷിച്ച് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു. കൂട്ടത്തിൽ ഒരുത്തനാണ് എന്റെ ആ തീരുമാനം മാറ്റിയത്. ടിജെ ഗനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂട്ടത്തിൽ ഒരുത്തൻ.
ചിത്രത്തിന്റെ തിരക്കഥ വായിച്ചപ്പോൾ ഈ അവസരം ഒഴിവാക്കാൻ തോന്നിയില്ല. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണ് കൂട്ടത്തിൽ ഒരുത്തൻ. അശോക് സെൽവനാണ് ചിത്രത്തിലെ നായകൻ. 28ന് ചിത്രം തിയേറ്ററുകളിലെത്തും-പ്രിയ പറയുന്നു.വയ് രജാ വയ് എന്ന ചിത്രത്തിലെ സഹതാരം ഗൗതമുമായി പ്രിയ പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതയാകുമെന്നും വാർത്തകൾ വന്നിരുന്നു. അത് തീർത്തും അടിസ്ഥാന രഹിതമാണെന്നും നടി പത്രസമ്മേളനത്തിനിടെ പറഞ്ഞു. ഇംഗ്ലീഷ് വിംഗ്ലീഷ് ഉൾപ്പടെയുള്ള ബോളിവുഡ് സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത നടിയാണ് പ്രിയ. തമിഴിലും തെലുങ്കിലും മലയാളത്തിലും അതുപോലെ നടി വിജയം കണ്ടു. എന്നാൽ തമിഴിൽ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാൻ പ്രിയയ്ക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല.