വിവാഹത്തോടെ അഭിനയജീവിതം അവസാനിപ്പിക്കുന്ന നായികമാർ ഇപ്പോൾ കുറവാണ്. അവരുടെ കൂട്ടത്തിലേക്ക് ഇതാ പ്രിയാമണിയും എത്തിയിരിക്കുന്നു. കൃഷ് കൈമൾ സംവിധാനം ചെയ്യുന്ന ആഷിഖ് വന്ന ദിവസം എന്ന ചിത്രത്തിലൂടെയാണ് പ്രിയ തിരിച്ചെത്തുന്നത്. കൃഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും.
വിവാഹ ശേഷം അഭിനയം നിർത്തില്ല എന്ന് പ്രിയാമണി നേരത്തെ പറഞ്ഞിരുന്നു. ഒരു നടി എന്ന നിലയിൽ തന്നെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആളാണ് ഭർത്താവ് മുസ്തഫ രാജ് എന്നും വിവാഹത്തിരക്കുകൾ കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം സിനിമയിൽ തിരിച്ചെത്തും എന്നും പ്രിയ പറഞ്ഞിരുന്നു.
പ്രിയാമണിക്കൊപ്പം നാസർ ലത്തീഫ്, ബേബി പ്രിയ, കാഞ്ചാനാമ്മ, കലാശാല ബാബു, ഇർഷാദ്, കലാഭവൻ ഹനീഫ്, മാസ്റ്റർ ധുപത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നാസർ ലത്തീഫ് നിർമിക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് മാത്യു പുളിക്കലാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 23ന് ബംഗളൂരുവിൽ വച്ചായിരുന്നു പ്രിയാമണിയുടെയും മുസ്തഫ രാജിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഡി ഫോർ ഡാൻസിൽ വിധികർത്താവായി പ്രിയ തിരിച്ചെത്തിയിരുന്നു.