പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ജെയ് സംവിധാനം ചെയ്ത ഹൊറർ ചിത്രം എസ്രയിലെ നായിക പ്രിയാ ആനന്ദ് ചോറ്റാനിക്കരയിൽ ദർശനം നടത്തി. ചിത്രം ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ പ്രേതബാധയുണ്ടെന്നും ചില അദൃശ്യ സാന്നിധ്യമുണ്ടായിരുന്നുവെന്നുമൊക്കെയുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ നായകനായ പൃഥ്വിരാജ് ഇതൊക്കെ ചിരിച്ചു തള്ളുകയാണ് ചെയ്തത്. എന്നാൽ ചിത്രത്തിലെ നായിക പ്രിയാ ആനന്ദ് ഇത് ശരിവെക്കുകയാണ് ചെയ്തത്.
ഹൊറർ ത്രില്ലറായ എസ്രയിൽ അഭിനയിക്കുന്ന സമയത്ത് പ്രിയ ആനന്ദിന് പ്രേതത്തിലോ അദൃശ്യ ശക്തിയിലോ വിശ്വാസം ഉണ്ടായിരുന്നില്ല. എന്നാൽ സെറ്റിൽ അരങ്ങേറിയ ചില കാര്യങ്ങളെത്തുടർന്ന് പ്രിയയുടെ കാഴ്ചപ്പാട് മാറുകയായിരുന്നു. എല്ലാം വിശ്വസിക്കേണ്ടി വന്നു. എസ്രയുടെ ചിത്രീകരണ സമയത്ത് നടന്ന ചില അനിഷ്ട സംഭവങ്ങളെത്തുടർന്നാണ് പ്രിയ ഇത്തരം അദൃശ്യ ശക്തികളിൽ വിശ്വസിച്ചു തുടങ്ങിയത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രിയാ ആനന്ദ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെറ്റിലുണ്ടായ അനുഭവങ്ങളെത്തുടർന്ന് താൻ ചോറ്റാനിക്കര അന്പലം സന്ദർശിക്കുകയും വഴിപാട് നടത്തുകയും ചെയ്തെന്നു പ്രിയ വ്യക്തമാക്കി.