നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിൽ അഭിനയിക്കാൻ വേണ്ടി മൂന്നു പ്രോജക്ടുകൾ താൻ വേണ്ടന്നുവച്ചെന്ന് തെന്നിന്ത്യൻ സുന്ദരി പ്രിയ ആനന്ദ്. ആദ്യം നായികയായി തീരുമാനിച്ച അമലാ പോൾ തിരക്കുകൾ കാരണം ചിത്രത്തിൽ നിന്നും പിന്മാറിയെന്ന് റോഷൻ ആൻഡ്രൂസ് അറിയിച്ചിരുന്നു. അതിനു ശേഷമാണ് പ്രിയ ആനന്ദിന് നറുക്ക് വീണത്. ചിത്രത്തിൽ ജാനകിയെന്ന കഥാപാത്രത്തെയാണ് പ്രിയ ആനന്ദ് അവതരിപ്പിക്കുന്നത്.
തെന്നിന്ത്യയിൽ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ പ്രിയ ആനന്ദ് പൃഥ്വിരാജ് നായകനായ എസ്രയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കായംകുളം കൊച്ചുണ്ണിയിലൂടെ വീണ്ടും മോളിവുഡിലെത്തുമ്പോൾ ജാനകിയെയും മലയാളികൾ കൈനീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് താരം.
ചിത്രം പ്രഖ്യാപിച്ചപ്പോൾ അമല പോളിനെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. അമലയുടെ കാരക്ടർ പോസ്റ്റർ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർച്ചയായുണ്ടായ മഴയെ തുടർന്ന് ഷൂട്ടിംഗ് ഷെഡ്യൂൾ മാറ്റേണ്ടി വന്നതോടെ അമലാ പോൾ അനുവദിച്ചിരുന്ന ഡേറ്റിലും മാറ്റം വന്നിരുന്നു. ഇതാണ് ചിത്രത്തിൽ നിന്നും ഇവർ പിന്മാറാനുണ്ടായ കാരണം.