നോയിഡ: ജയ്പൂരിലെ ബിസിനസുകാരനെ കൊന്നകേസിൽ അറസ്റ്റിലായ പ്രിയ സേത്ത് നിരവധി കേസുകളിലെ പ്രതി. 2014 ഡിസംബറിൽ എടിഎം കവർച്ച കേസിലും ഈ വർഷം മാർച്ചിൽ ബ്ലാക്മെയിൽ കേസിലും അനാശാസ്യ കേസുകളിലും അറസ്റ്റിലായ ആളാണ് പ്രിയയെന്ന് പോലീസ് പറഞ്ഞു.
പ്രിയയുടെ എല്ലാ പദ്ധതികളും ആഡംബര ജീവിതം ലക്ഷ്യമിട്ടായിരുന്നു. ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡയയുടെ സഹായത്തോടെയായിരുന്നു പ്രിയയുടെ പദ്ധതികളെല്ലാം. എടിഎം മോഷണത്തെക്കുറിച്ച് പഠിച്ചത് ഇന്റർനെറ്റിൽ നിന്നാണെന്നാണ് പ്രിയ മൊഴി നൽകിയത്.
കഴിഞ്ഞ മേയ് രണ്ടിന് ജയ്പൂരിലെ ബജാജ് നഗറിലെ പ്രിയയുടെ ഫ്ളാറ്റിലാണ് കൊലനടന്നത്. മൊബൈൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശർമയെ പ്രിയ തന്റെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശർമ വിവാൻ കൊഹ്ലിഎന്ന വ്യാജ പേരിലാണ് ആപ്പിൽ അക്കൗണ്ട് തുടങ്ങിയിരുന്നത്. ശർമയുടെ മാസശന്പളം കോടികളാണെന്നും ഡേറ്റിംഗ് ആപ്പിലുണ്ടായിരുന്നു. ഈ സമയം ഫ്ളാറ്റിൽ ഒളിച്ചിരുന്ന ദിക്ഷന്ത് കമ്രയും ലക്ഷ്യയും പ്രിയയും ചേർന്ന് ശർമയെ ബന്ധിച്ചു.
തുടർന്ന് ശർമയുടെ അച്ഛനെ വിളിച്ച് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ബലാത്സംഗ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ അദ്ദേഹം പണം നൽകാൻ തയ്യാറായിരുന്നില്ല. പണം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ശർമയെ മൂവരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്നശേഷം ശരീരം വെട്ടിമുറിച്ച് സ്യൂട്ട് കേസിലാക്കി അമറിലുള്ള റോഡുവക്കിൽ ഉപേക്ഷിക്കുകയായിരുന്നു.
ശർമയുടെ എടിഎം കാർഡും സംഘം തട്ടിയെടുത്തു.ഈ കാർഡ് ഉപയോഗിച്ച് ഇവർ 20,000 രൂപ പിൻവലിച്ചു. ഇതോടെയാണ് സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഫ്ളാറ്റുകൾ വാടകയ്ക്ക് എടുത്ത് ശരീരം വിറ്റാണ് പ്രിയ ആഡംബര ജീവിതം നയിച്ചിരുന്നത്. ഡേറ്റിംഗ് സൈറ്റുകൾ വഴിയും ഏജന്റുമാർ മുഖേനയും ഇവർ ഇടപാടുകൾ നടത്തിയിരുന്നു. വഴിവിട്ട ബന്ധങ്ങളെത്തുടർന്ന് കോളജിൽ നിന്നും വീട്ടിൽ നിന്നും പ്രിയയെ പുറത്താക്കിയിരുന്നതായി പോലീസ് പറയുന്നു.
രാജസ്ഥനിൽ ഹണിട്രാപ്പ് കേസുകൾ കണ്ടെത്താൻ പ്രത്യേകം വിഭാഗമുണ്ട്. ഡൽഹിയിലുള്ള കോണ്ഗ്രസ് മുൻ എംപിയും മറ്റൊരു സംഘത്തിന്റെ ഹണിട്രാപ്പിൽപ്പെട്ടിരുന്നതായി പോലീസ് അറിയിച്ചു. മസാജ് പാർലറുകളുടെ മറവിലാണ് ഇത്തരം സംഘത്തിന്റെ പ്രവർത്തനമെന്ന് പോലീസ് പറയുന്നു.